നാട്ടിൽ നിന്നെത്തി ഏതാനും ദിവസങ്ങൾക്കകം കാണാതായ പ്രവാസി യുവാവിന്റെ മൃതദേഹം കണ്ടെത്തി
ഒരു മീൻകടയിൽ ജോലിക്ക് പുതിയ വിസയിൽ എത്തിയ യുവാവ് കുറച്ചുദിവസം കഴിഞ്ഞപ്പോൾ ചെറിയ മാനസിക അസ്വസ്ഥകൾ പ്രകടിപ്പിച്ചിരുന്നതായി പറയപ്പെടുന്നു.
റിയാദ്: നാട്ടിൽനിന്ന് സൗദി അറേബ്യയിൽ എത്തി ഏതാനും ദിവസത്തിന് ശേഷം കാണാതായ പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. തെക്കൻ സൗദിയിലെ അൽ ബാഹ പ്രവിശ്യയിലുള്ള മന്ദഖിൽ കാണാതായ തിരുവനന്തപുരം സ്വദേശിയും നിലവിൽ കൊല്ലം കരുനാഗപ്പള്ളിയിൽ താമസക്കാരനുമായ സനോജ് സകീറിന്റെ (37) മൃതദേഹം മന്ദഖിലെ ഒരു വെള്ളക്കെട്ടിൽ നിന്നുമാണ് കണ്ടെത്തിയത്. അഞ്ച് ദിവസം മുമ്പായിരുന്നു അദ്ദേഹത്തെ കാണാതായത്.
അൽ ബാഹ പ്രവിശ്യയിലുള്ള മന്ദഖിൽ സബ്ത്തുൽ ആല എന്ന സ്ഥലത്തെ ഒരു മീൻകടയിൽ ജോലിക്ക് പുതിയ വിസയിൽ എത്തിയതായിരുന്നു. കുറച്ചുദിവസം കഴിഞ്ഞപ്പോൾ ചെറിയ മാനസിക അസ്വസ്ഥകൾ പ്രകടിപ്പിച്ചിരുന്നു. ജൂലൈ 28ന് പുലർച്ചെ മൂന്നിന് മുറയിൽനിന്നും ഇറങ്ങിപ്പോയി. പിന്നീട് ഒരു വിവരവുമില്ലാതായി.
പരിസരപ്രദേശങ്ങളിൽ എല്ലാം തിരച്ചിൽ നടത്തുകയും ഫോട്ടോ സഹിതം സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിട്ടും ഒരു വിവരവും ലഭിച്ചിരുന്നില്ല. അതിനിടയിലാണ് ആഗസ്റ്റ് ഒന്നിന് വൈകുന്നേരം വെള്ളക്കെട്ടിൽ മൃതദേഹം കണ്ടത്. മൃതദേഹം ഇപ്പോൾ മന്ദഖ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം