മനാമ: ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ തലവന്‍ യോസി കൊഹെന്‍ ബഹ്റൈന്‍ സന്ദര്‍ശിച്ചു. ഇരുരാജ്യങ്ങളും കഴിഞ്ഞ മാസം സമാധാന കരാര്‍ ഒപ്പുവെച്ചതിന് പിന്നാലെയാണ് സന്ദര്‍ശനം. ബഹ്റൈന്‍ ദേശീയ രഹസ്യാന്വേഷണ ഏജന്‍സി തലവന്‍ ആദില്‍ ബിന്‍ ഖലീഫ, സ്ട്രാറ്റജിക് സെക്യൂരിറ്റി ബ്യൂറോ തലവന്‍ അഹ്‍മദ് ബിന്‍ അബ്‍ദുല്‍ അസീസ് അല്‍ ഖലീഫ എന്നിവര്‍ മൊസാദ് തലവനെ സ്വീകരിച്ചതായി ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‍തു.

ഇരുരാജ്യങ്ങള്‍ക്കും താത്പര്യമുള്ള വിഷയങ്ങളില്‍ ചര്‍ച്ച നടത്തിയതായും ഇസ്രയേലും ബഹ്റൈനും ഒപ്പുവെച്ച സമാധാന കരാറിന്റെ പ്രധാന്യം ഇരുപക്ഷവും ഊന്നിപ്പറഞ്ഞതായും വാര്‍ത്താ ഏജന്‍സി അറിയിച്ചു. മേഖലയില്‍ സ്ഥിരത ഉറപ്പാക്കാനും സമാധാനം പ്രചരിപ്പിക്കുന്നതിനും കരാര്‍ സഹായകമാവുമെന്നും രണ്ട് രാജ്യങ്ങള്‍ക്കുമിടയില്‍ സഹകരണത്തിന്റെ സാധ്യതകള്‍ തുറക്കുമെന്നും ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു.