എ കാറ്റഗറിയിൽ വരുന്ന സ്ഥാപനങ്ങൾക്ക് മൂവായിരം കാറുകൾ ഉണ്ടായിരിക്കണം.ബി വിഭാത്തിന് 300 കാറുകളും സി വിഭാഗത്തിൽപ്പെടുന്ന സ്ഥാപനങ്ങൾക്ക് കീഴിൽ  100 കാറുകളും ഡി വിഭാഗത്തിൽപ്പെടുന്ന സ്ഥാപനത്തിന് മിനിമം 15 കാറുകളും ഉണ്ടായിരിക്കണം.

റിയാദ്: സൗദിയിൽ റെന്റ് എ കാർ നടത്തിപ്പിന് പുതിയ വ്യവസ്ഥ വരുന്നു. വാടകയ്ക്ക് നൽകുന്ന കാറുകൾക്ക് അഞ്ചു വർഷത്തിൽ കൂടുതൽ പഴക്കം ഉണ്ടാകാൻ പാടില്ല. റെന്റ് എ കാർ സ്ഥാപനങ്ങൾ ലൈസൻസിനുള്ള അപേക്ഷയോടൊപ്പം ഒരു ലക്ഷം റിയാലിന്റെ ബാങ്ക് ഗ്യാരണ്ടി പൊതു ഗതാഗത അതോറിറ്റിയിൽ കെട്ടിവെയ്ക്കണമെന്നും വ്യവസ്ഥയില്‍ പറയുന്നു.

റെന്റ് എ കാർ സ്ഥാപനങ്ങൾക്ക് പുതിയ വ്യവസ്ഥ പ്രകാരം വിവിധ വിഭാഗങ്ങളായി തിരിച്ചാണ് ഇനി ലൈസെൻസ് നൽകുക. ഇതിനായി ഓരോ വിഭാഗത്തിനും നിശ്ചിത എണ്ണം കാറുകൾ നിർബന്ധമാണ്.എ, ബി, സി, ഡി എന്നീ വിഭാഗങ്ങളായിട്ടാണ് റെന്റ് എ കാർ സ്ഥാപനങ്ങളെ തിരിച്ചിരിക്കുന്നത്. എ കാറ്റഗറിയിൽ വരുന്ന സ്ഥാപനങ്ങൾക്ക് മൂവായിരം കാറുകൾ ഉണ്ടായിരിക്കണം.ബി വിഭാത്തിന് 300 കാറുകളും സി വിഭാഗത്തിൽപ്പെടുന്ന സ്ഥാപനങ്ങൾക്ക് കീഴിൽ 100 കാറുകളും ഡി വിഭാഗത്തിൽപ്പെടുന്ന സ്ഥാപനത്തിന് മിനിമം 15 കാറുകളും ഉണ്ടായിരിക്കണം.

എന്നാൽ സി, ഡി വിഭാഗങ്ങളിൽപ്പെട്ട സ്ഥാപനങ്ങൾക്ക് മണിക്കൂർ അടിസ്ഥാനത്തിൽ കാറുകൾ വാടകയ്ക്ക് നൽകുന്നതിനോ ഡ്രൈവർ അടക്കം കാറുകൾ വാടകയ്ക്ക് നൽകുന്നതിനോ അനുമതിയില്ല. റെന്റ് എ കാർ പണം ഈടാക്കി ആളുകളെ കൊണ്ടുപോകുന്നതിനോ ചരക്കുകൾ നീക്കം ചെയ്യുന്നതിനോ ഉപയോഗിക്കാൻ പാടില്ല.കൂടാതെ കാർ റാലികളിൽ പങ്കെടുക്കുന്നതിനും വിലക്കുണ്ട്. കാർ വാടകയ്ക്ക് എടുക്കുന്നവർ പകർച്ചവ്യാധി പിടിപെടാത്തവരും മയക്കുമരുന്ന് ഉപയോഗിക്കാത്തവരും ആയിരിക്കണം. ക്രിമിനൽ കേസുകളിൽ മുൻപ് പ്രതികളായവർ ആകാനും പാടില്ല. മുഴുവൻ വ്യവസ്ഥകളും പൂർണമായും പാലിക്കുന്നവർക്ക് കാറുകൾ വാടകയ്ക്ക് നൽകുന്നതിന് വിസമ്മതിച്ചാൽ ആയിരം റിയൽ സ്ഥാപനത്തിന് പിഴ ലഭിക്കുമെന്നും പുതിയ നിയമാവലി വ്യക്തമാക്കുന്നു.