പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ പ്രതിവര്‍ഷം 25 ദശലക്ഷം യാത്രക്കാര്‍ക്ക് ഗുണകരമാകും. 5,000 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ടാകും.

കുവൈത്ത് സിറ്റി: കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിന്റെ പുതിയ രണ്ടാം ടെര്‍മിനല്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ 15,000 സ്വദേശികള്‍ക്ക് തൊഴിലവസരം ലഭിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ഡോ. റന അല്‍ ഫാരിസ് പറഞ്ഞു. ടെര്‍മിനല്‍ രണ്ടിന്റെ നിര്‍മ്മാണത്തിലെ ആദ്യഘട്ടം 54 ശതമാനം പൂര്‍ത്തിയായതായി മന്ത്രി പറഞ്ഞു. 

പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹിനൊപ്പം നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ എത്തിയതായിരുന്നു മന്ത്രി. പരിസ്ഥിതിക്ക് യോജിക്കുന്ന രീതിയിലാണ് നിര്‍മ്മാണം. അയാട്ടയുടെ റാങ്കിങ് പട്ടികയില്‍ എ ഗ്രേഡിന് യോഗ്യമായ വിധമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ പ്രതിവര്‍ഷം 25 ദശലക്ഷം യാത്രക്കാര്‍ക്ക് ഗുണകരമാകും. 5,000 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ടാകും. കൂടാതെ ഒരേസമയം 51 വിമാനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ 30 ഫിക്‌സഡ് ബ്രിഡ്ജുകളുമുണ്ടാകും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona