ഗാര്‍ഹിക വിസകളിലുള്ളവര്‍ക്കാണ് മാര്‍ച്ച് 10 മുതല്‍ ഇഖാമ സ്റ്റിക്കറുകള്‍ ഒഴിവാക്കുന്നത്. ഘട്ടം ഘട്ടമായി എല്ലാ പ്രവാസികള്‍ക്കും ഇത് ബാധകമാവും. ഇതിന് ആവശ്യമായ സംവിധാനം വിവിധ രാജ്യങ്ങളുടെ എംബസികളുമായി ചേര്‍ന്ന് നടപ്പാക്കിയിട്ടുണ്ട്.

കുവൈത്ത് സിറ്റി: വിദേശികളുടെ പാസ്‍പോര്‍ട്ടില്‍ ഇഖാമ സ്റ്റിക്കറുകള്‍ പതിക്കന്നത് നാളെ മുതല്‍ കുവൈത്ത് ഒഴിവാക്കുന്നു. പകരം ഇഖാമ വിവരങ്ങള്‍ സിവില്‍ ഐഡിയിലായിരിക്കും ഇനി മുതല്‍ രേഖപ്പെടുത്തുന്നത്. ഇത് കാരണം കുവൈത്തില്‍ നിന്ന് പുറത്തേക്ക് പോകാനും മടങ്ങി വരാനും പാസ്‍പോര്‍ട്ടിനൊപ്പം സിവില്‍ ഐഡിയും വിമാനത്താവളത്തില്‍ ഹാജരാക്കേണ്ടിവരും.

ഗാര്‍ഹിക വിസകളിലുള്ളവര്‍ക്കാണ് മാര്‍ച്ച് 10 മുതല്‍ ഇഖാമ സ്റ്റിക്കറുകള്‍ ഒഴിവാക്കുന്നത്. ഘട്ടം ഘട്ടമായി എല്ലാ പ്രവാസികള്‍ക്കും ഇത് ബാധകമാവും. ഇതിന് ആവശ്യമായ സംവിധാനം വിവിധ രാജ്യങ്ങളുടെ എംബസികളുമായി ചേര്‍ന്ന് നടപ്പാക്കിയിട്ടുണ്ട്. ഇഖാമയുടെ കാലാവധി ഉള്‍പ്പെടെയുള്ള വിവരങ്ങളെല്ലാം സിവില്‍ ഐഡിയിലായിരിക്കും ഇനി ഉണ്ടാവുക. പാസ്പോര്‍ട്ട് നമ്പറും ഇതില്‍ രേഖപ്പെടുത്തും. വിമാനത്താവളങ്ങളില്‍ സിവില്‍ ഐഡി പരിശോധിച്ച ശേഷമായിരിക്കും പാസ്പോര്‍ട്ടില്‍ എന്‍ട്രി, എക്സിറ്റ് സീലുകള്‍ പതിക്കുന്നത്. 

കുവൈത്തില്‍ നിന്ന് പുറത്തുപോകാന്‍ മാത്രമല്ല തിരികെ വരുമ്പോള്‍ നാട്ടിലെ വിമാനത്താവളങ്ങളിലും സിവില്‍ ഐഡി പരിശോധിക്കും. കുവൈത്തിന് പുറത്തായിരിക്കുമ്പോള്‍ സിവില്‍ ഐഡി നഷ്ടമായാല്‍ അതത് രാജ്യങ്ങളുടെ കുവൈത്തിലെ എംബസിയെയാണ് വിവരം അറിയിക്കേണ്ടത്. എംബസി ഇക്കാര്യം ആ രാജ്യത്തുള്ള കുവൈത്ത് എംബസിയെ അറിയിക്കും. തുടര്‍ന്ന് കുവൈത്ത് എംബസി ഇയാളുടെ വിവരങ്ങള്‍ ശേഖരിച്ച് താല്‍കാലിക രേഖ നല്‍കും. ഇത് ഉപയോഗിച്ച് യാത്ര ചെയ്യാന്‍ കഴിയുമെങ്കിലും ഇതിന് കാലതാമസമെടുത്തേക്കും. അതുകൊണ്ടുതന്നെ നാട്ടില്‍ പോകുന്നവര്‍ സിവില്‍ ഐഡി കൊണ്ടുപോകുന്നതിനൊപ്പം തിരികെ വരുമ്പോഴും അത് മറക്കാതെ കൈയില്‍ കരുതണം.

വിവിധ രാജ്യങ്ങളുടെ എംബസികളമായി സഹകരിച്ച് കുവൈത്ത് അധികൃതര്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. സ്റ്റിക്കറുകള്‍ പതിക്കുന്നത് അവസാനിപ്പിക്കുന്നതോടെ സ്പോണ്‍സര്‍മാര്‍ പ്രവാസികളുടെ പാസ്‍പോര്‍ട്ടുകള്‍ പിടിച്ചുവെയ്ക്കുന്നത് പോലുള്ള പ്രശ്നങ്ങള്‍ അവസാനിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.