തിരുവനന്തപുരം: നിയമ പ്രശ്നങ്ങൾ നേരിടുന്നവർക്കും, ജയിലിൽ കഴിയുന്ന മലയാളികളായ പ്രവാസികൾക്കും മലയാളികളായ അഭിഭാഷകരുടെ സൗജന്യ സേവനം ലഭ്യമാക്കി നോർക്ക റൂട്ട്‌സ്. പ്രവാസി നിയമസഹായ പദ്ധതിയിലൂടെ ഒമാനിലെ പൊലീസ് കസ്റ്റഡിയിൽനിന്ന്‌ മോചിതനായ ആദ്യ മലയാളി ബിജു സുന്ദരേശൻ ചൊവ്വാഴ്‌ച നാട്ടിലെത്തി. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ് ബിജു.

തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ബിജുവിനെ നോർക്ക റൂട്ട്‌സ് പ്രതിനിധികളും കുടുംബാം​ഗങ്ങളും ചേർന്ന് സ്വീകരിച്ചു. സംസ്ഥാന സർക്കാരിന്റെ ഇടപെടലിനെ തുടർന്നാണ് ബിജുവിന് മോചനം ലഭിച്ചത്‌. മുഖ്യമന്ത്രി പിണറായി വിജയനും നോർക്കയ്ക്കും ബിജു നന്ദി അറിയിച്ചു.

വിസയും ലേബർ പെർമിറ്റും അവസാനിച്ചതിനെ തുടർന്ന് ഒമാനിലെ ജയിലിൽ ആയിരുന്നു ബിജു. സ്‌പോൺസറും ബിജുവും തമ്മിലുള്ള കേസുകളെ തുടർന്നാണ് പൊലീസ് കസ്റ്റഡിയിലായത്. കേസ് വിശദമായി പരിശോധിച്ച നോർക്ക റൂട്ട്‌സ് ഉദ്യോഗസ്ഥർ ഒമാനിലെ നോർക്കയുടെ ലീഗൽ കൺസൾട്ടന്റായ അഡ്വ. ഗിരീഷ് ആത്രങ്ങാടന് കേസ് കൈമാറി.

പിന്നാലെ നടന്ന നിയമ ഇടപെടലുകളെ തുടർന്ന് ബിജുവിന് എതിരെയുണ്ടായിരുന്ന കേസുകൾ പിൻവലിക്കുകയും ലേബർ ഫൈൻ, ക്രിമിനൽ നടപടികൾ എന്നിവയിൽ നിന്ന്‌ ഒഴിവാക്കുകയും ചെയ്തു. എട്ടു വർഷമായി ഒമാനിൽ ജോലി ചെയ്ത് വരികയായിരുന്നു ബിജു.