4,19,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ദ്വീപിനെ ഒരു റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിന്റെ വെബ്സൈറ്റിലാണ് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. അത്യാഢംബര സ്ഥലങ്ങള്‍ വിലയ്ക്ക് വാങ്ങാന്‍ ആലോചിക്കുന്നവര്‍ക്ക് ലെബനാന്‍ ദ്വീപ് മികച്ച തെരഞ്ഞെടുപ്പായിരിക്കും.

ദുബായ്: അത്ഭുതക്കാഴ്ചകളൊരുക്കി ലോകത്തെ വിസ്മയിപ്പിക്കുന്ന ദുബായില്‍ ഒരുകൂട്ടം സ്വകാര്യ ദ്വീപുകളുണ്ട്. വേള്‍ഡ് ഐലന്റ്സ് എന്നാണ് ഇവയെ വിളിക്കുന്നത്. ആകാശത്ത് നിന്ന് നോക്കുമ്പോള്‍ ലോക ഭൂപടത്തെപ്പോലെ തോന്നുന്നതിനാലാണ് ഇവയ്ക്ക് അങ്ങനെയൊരു പേര് വന്നത്. ഇവയില്‍ ആദ്യമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതും ഇപ്പോള്‍ സന്ദര്‍ശകര്‍ക്ക് എത്തിപ്പെടാന്‍ കഴിയുന്നതുമായ ദ്വീപിന് ലെബനാന്‍ എന്നാണ് പേര്.

ലെബനാന്‍ ദ്വീപ് ഇപ്പോള്‍ വാര്‍ത്തയാകാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. ആവശ്യത്തിലേറെ പണമുള്ളവര്‍ക്ക് ഇപ്പോള്‍ വേണമെങ്കില്‍ ഈ ദ്വീപിനെ വിലയ്ക്ക് വാങ്ങാം. 4,19,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ദ്വീപിനെ ഒരു റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിന്റെ വെബ്സൈറ്റിലാണ് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. അത്യാഢംബര സ്ഥലങ്ങള്‍ വിലയ്ക്ക് വാങ്ങാന്‍ ആലോചിക്കുന്നവര്‍ക്ക് ലെബനാന്‍ ദ്വീപ് മികച്ച തെരഞ്ഞെടുപ്പായിരിക്കും.

80 കോടി ദിര്‍ഹമാണ് ദ്വീപിന് വിലയിട്ടിരിക്കുന്നത്. ഏകദേശം 1500 കോടിയിലധികം ഇന്ത്യന്‍ രൂപ വരും ഇത്. 80 പേര്‍ക്ക് ഇരിക്കാവുന്ന റെസ്റ്റോറന്റ്, ഇവന്റുകള്‍ക്ക് അനിയോജ്യമായ ഒരു വേദി, വിഐപി താമസ സ്ഥലങ്ങള്‍, രണ്ട് ബീച്ചുകള്‍, നിരവധി ചെറു വില്ലകള്‍, 250 പേര്‍ക്ക് ഉപയോഗിക്കാവുന്ന സ്വിമ്മിങ് പൂള്‍ തുടങ്ങിയവയാണ് ദ്വീപിലുള്ളത്. ഇതിനെല്ലാം പുറമെ ദുബായ് സ്കൈലൈനിന്റെ മനോഹരമായ കാഴ്ചയും സ്വന്തമാക്കാം. ഇപ്പോള്‍ വിവിധ പരിപാടികള്‍ക്കും ബീച്ച് സന്ദര്‍ശകര്‍ക്കും വേണ്ടിയാണ് ദ്വീപ് ഉപയോഗിക്കുന്നത്.