റിയാദ്: സൗദിയിൽ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ വർദ്ധനവെന്ന് റിപ്പോര്‍ട്ട്. ഈ വർഷം ആദ്യ പാദത്തിൽ രാജ്യത്തു ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ 14.3 ശതമാനം വർദ്ധന രേഖപ്പെടുത്തിയതായി തൊഴിൽ മന്ത്രാലയം അറിയിച്ചു. വർഷം അധ്യപാദാവസാനത്തെ കണക്കു പ്രകാരം രാജ്യത്തു 28.63 ലക്ഷം ഗാർഹിക തൊഴിലാളികളാണുള്ളതെന്നു തൊഴിൽ മന്ത്രാലയത്തിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ 14.3 ശതമാത്തിന്‍റെ വർധനവാണ് ഈ വർഷം ആദ്യ പാദത്തിൽ ഉണ്ടായത്. കഴിഞ്ഞ വർഷം അവസാന പാദത്തില് 24.55 ലക്ഷമായിരുന്നു ഗാർഹിക തൊഴിലാളികളുടെ എണ്ണം.ഗാർഹിക തൊഴിലാളികളിൽ ഏറ്റവും കൂടുതൽ പേര് ജോലി ചെയ്യുന്നത് ഹൗസ് ഡ്രൈവർ ആയിട്ടാണ്.

15,39,329 പേർ ഈ മേഖലയിൽ ജോലിചെയ്യുന്നതായാണ് തൊഴിൽ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. പുതിയതായി ഫിസിയോ തെറാപ്പിസ്റ്, സ്പീച്ച് തെറാപ്പിസ്റ്, പ്രൈവറ്റ് ട്യൂഷൻ ടീച്ചർ എന്നീ വിഭാഗത്തിൽപ്പെട്ട ഗാർഹിക തൊഴിലികളെകൂടി റിക്രൂട്ട് ചെയ്യുന്നതിന് തൊഴിൽ മന്ത്രാലയം വ്യക്തികൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ ഇനിയും വർദ്ധനവ് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.