റിയാദ്​: സൗദി അറേബ്യയിലേക്ക്​ വിദേശ ടൂറിസ്​റ്റുകളുടെ എണ്ണത്തിൽ വൻ വർധന. കമീഷൻ ഫോർ ടൂറിസം ആൻഡ്​ നാഷണൽ ഹെരിറ്റേജ്​ ചെയർമാൻ അഹമ്മദ്​ അൽഖത്തീബ് അറിയിച്ചതാണ്​ ഇക്കാര്യം. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മൂന്നര ലക്ഷം ടൂറിസ്​റ്റ്​ വിസകൾ. ഇത്രയും വിസകൾ നൽകാൻ കഴിഞ്ഞത്​ രാജ്യത്തിന്​ വലിയ നേട്ടമാണുണ്ടാക്കിയിരിക്കുന്നത്​.

2030ഓടെ സൗദിയിലെത്തുന്ന ടൂറിസ്​റ്റുകളുടെ എണ്ണം 100 കോടിയാക്കുക എന്നതാണ്​ ലക്ഷ്യം. അതിനാവശ്യമായ പദ്ധതികളാണ് നടപ്പാക്കുന്നത്. കഴിഞ്ഞ വർഷം സെപ്തംബർ 27നാണ് ടൂറിസ്​റ്റ്​ വിസകൾ അനുവദിച്ച് തുടങ്ങിയത്. അന്ന് മുതൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് രാജ്യത്തേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി. ടുറിസം വ്യവസായത്തെ ഒരു വലിയ നിക്ഷേപക മേഖലയാക്കി മാറ്റുകയാണ് ലക്ഷ്യം.

ഇത് ദേശീയ വരുമാനത്തിന് 10 ശതമാനം സംഭാവന നല്‍കുമെന്നാണ് പ്രതീക്ഷ. അമേരിക്ക, ബ്രിട്ടൻ, ഷെൻഗൺ വിസകളുള്ളവർക്ക് ഓണ്‍ അറൈവല്‍ ടൂറിസ്​റ്റ്​ വിസകളാണ്​ നൽകുന്നത്​. ഇൗ വികളുള്ള ഏത്​ പൗരന്മാർക്കും ആ സൗകര്യം ലഭിക്കും. അങ്ങനെയൊരു സൗകര്യം അനുവദിച്ചു തുടങ്ങിയതോടെ രാജ്യത്തെത്തുന്ന സന്ദർശകരുടെ എണ്ണം വൻതോതിൽ വർധിച്ചിട്ടുണ്ട്