Asianet News MalayalamAsianet News Malayalam

കൊവിഡില്‍ ആശങ്കയൊഴിയാതെ ഒമാന്‍; രാജ്യം വീണ്ടും ലോക്ക്ഡൗണിലേക്ക്

ലോക്ക്ഡൗണ്‍ കാലയളവില്‍ വൈകുന്നേരം 7 മണി മുതല്‍ രാവിലെ 6 മണി വരെ യാത്രകള്‍ക്കും പൊതു സ്ഥലങ്ങളില്‍ ഒത്തു ചേരുന്നതിനും നിരോധനം ഏര്‍പ്പെടുത്തി. വാണിജ്യ സ്ഥാപനങ്ങള്‍ അടച്ചിടുവാനും സുപ്രിം കമ്മറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

oman announced full lock down
Author
Muscat, First Published Jul 21, 2020, 4:42 PM IST

മസ്കറ്റ്: ഒമാനില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. രാജ്യത്തെ കൊവിഡ് രോഗബാധിതരുടെ എണ്ണത്തിലെ ക്രമാതീതമായ വര്‍ധനവ് കണക്കിലെടുത്ത് ജൂലൈ 25 മുതല്‍ രാജ്യത്തെ  എല്ലാ ഗവര്‍ണറേറ്റുകളും അടച്ചിടാന്‍ തീരുമാനിച്ചു. പതിനഞ്ചു ദിവസം അടച്ചിടുവാനാണ് ഒമാന്‍ സുപ്രിം കമ്മറ്റി നിര്‍ദ്ദേശിച്ചിരിക്കുന്നത് .

ലോക്ക്ഡൗണ്‍ കാലയളവില്‍ വൈകുന്നേരം 7 മണി മുതല്‍ രാവിലെ 6 മണി വരെ യാത്രകള്‍ക്കും പൊതു സ്ഥലങ്ങളില്‍ ഒത്തു ചേരുന്നതിനും നിരോധനം ഏര്‍പ്പെടുത്തി. വാണിജ്യ സ്ഥാപനങ്ങള്‍ അടച്ചിടുവാനും സുപ്രിം കമ്മറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പകല്‍ സമയത്ത് പൊലീസ് പെട്രോളിംഗ് ശക്തമാക്കുമെന്നും സുപ്രിം കമ്മറ്റി വ്യക്തമാക്കി. വലിയ പെരുന്നാളിനോട് അനുബന്ധിച്ചിട്ടുള്ള  എല്ലാ ആഘോഷങ്ങളും കുടുംബ ഒത്തുചേരലുകളും പെരുനാള്‍ നമസ്‌കാരങ്ങളും പരമ്പരാഗത   പെരുന്നാള്‍ കമ്പോളത്തിന്റെ  പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കുവാനും ഒമാന്‍ സുപ്രിം കമ്മറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

ജൂലൈ 25ന് ആരംഭിക്കുന്ന ലോക്ക്ഡൗണ്‍ ഓഗസ്റ്റ് എട്ട് വരെ തുടരുമെന്നും സുപ്രിം കമ്മറ്റിയുടെ പ്രസ്താവനയില്‍ പറയുന്നു. ഇതിനു മുമ്പ്  മസ്‌കറ്റ് ഗവര്‍ണറേറ്റ് രണ്ടു മാസവും ജലാന്‍ ബൂ അലിയുടെ കുറച്ചു ഭാഗവും  ലോക്ക്ഡൗണ്‍ മൂലം പൂര്‍ണമായും അടച്ചിട്ടിരുന്നു. ദോഫാര്‍ ഗവര്‍ണറേറ്റിലും  മസീറ വിലായത്തിലും നിലവില്‍ ലോക്ക്ഡൗണ്‍ തുടരുകയാണ്. 

ഒമാനില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു; 24 മണിക്കൂറിനിടെ 11 മരണം


 

Follow Us:
Download App:
  • android
  • ios