രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കഴിഞ്ഞ വര്‍ഷം 27,837 വിദേശ തൊഴിലാളികളെയാണ് തൊഴില്‍ നിയമലംഘനത്തിന് പിടികൂടിയത്. വാണിജ്യ  മേഖലയിൽ നിന്നുമാണ് പിടികൂടപ്പെട്ടവരിൽ കൂടുതലും.

സലാല: ഒമാനില്‍ തൊഴില്‍ നിയമം ലംഘിക്കുന്ന വിദേശികളുടെ കേസുകള്‍ വര്‍ധിച്ചുവരുന്നതായി അധികൃതര്‍. തൊഴില്‍ വിപണി, നിയന്ത്രണ വിധേയമാക്കാന്‍ റോയല്‍ ഒമാന്‍ പോലീസുമായി സഹകരിച്ച് പരിശോധനകള്‍ ശക്തമാക്കുമെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു.പിടിക്കപെട്ടാൽ കരിമ്പട്ടികയിൽ ഉൾപെടുത്തി നാടുകടത്തലാണ് ശിക്ഷ .

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കഴിഞ്ഞ വര്‍ഷം 27,837 വിദേശ തൊഴിലാളികളെയാണ് തൊഴില്‍ നിയമലംഘനത്തിന് പിടികൂടിയത്. വാണിജ്യ മേഖലയിൽ നിന്നുമാണ് പിടികൂടപ്പെട്ടവരിൽ കൂടുതലും. 24,146 തൊഴിലാളികളെയാണ് നിയമ ലംഘനങ്ങളുടെ പേരില്‍ പിടികൂടിയത്. ഗാര്‍ഹിക മേഖലയിലെ തൊഴില്‍ നിയമം ലംഘിച്ച 2,691 പേരെയും പിടികൂടിയതായി റോയല്‍ ഒമാന്‍ പോലീസ് വ്യക്തമാക്കി. 

മസ്കറ്റ് ഗവര്‍ണറേറ്റില്‍ നിന്ന് 8923 പേരും. ബാത്തിന ഗവര്‍ണറേറ്റില്‍ നിന്നും 8716 പേരും ദോഫാര്‍ ഗവര്‍ണറേറ്റില്‍ നിന്ന് 3017 പേരുമാണ് പിടിയിലായത്. ഇവരില്‍ 76 ശതമാനം തൊഴിലാളികളും ഏഷ്യൻ വംശജരാണ്. ഇതിൽ രണ്ടായിരത്തോളം ഇന്ത്യക്കാരും ഉൾപെടുന്നു. ഒമാന്‍ തൊഴില്‍ വിപണി നിയന്ത്രണ വിധേയമാക്കാന്‍ പ്രധാന ചെക്ക് പോസ്റ്റുകളിലും മറ്റു ഗവര്‍ണറേറ്റുകളിലും വ്യാപകമായ പരിശോധനകള്‍ നടത്തിവരികയാണെന്നും മാനവവിഭവ ശേഷി മന്ത്രാലയം അറിയിച്ചിട്ടുണ്ട്. പിടിക്കപെട്ടവരെ കരിമ്പട്ടികയിൽ ഉൾപെടുത്തി ഇതിനോടകം നാടുകടത്തിയിട്ടുണ്ട്.