ദേശീയ ദിനാഘോഷ നിറവിൽ ഒമാൻ. മസ്കത്തിലെ അൽ ഫത്ഹ് സ്ക്വയറിൽ ഇന്ന് നടക്കുന്ന സൈനിക പരേഡിന് സുൽത്താൻ അധ്യക്ഷത വഹിക്കും. സൈനിക പരേഡിനുപിന്നാലെ ഒമാനിൽ ദേശീയ ദിനാഘോഷങ്ങൾക്ക് തുടക്കമാവും.
മസ്കറ്റ്: ദേശീയ ദിനം ആഘോഷിക്കാന്‍ ഒമാന്‍. വിപുലമായ ആഘോഷ പരിപാടികളാണ് രാജ്യമെങ്ങും ദേശീയ ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്നത്. ദേശീയദിനാഘോഷ ചടങ്ങുകൾക്ക് സുൽത്താൻ ഹൈതം ബിൻ താരിഖ് നേതൃത്വം നൽകും. മസ്കത്തിലെ അൽ ഫത്ഹ് സ്ക്വയറിൽ ഇന്ന് നടക്കുന്ന സൈനിക പരേഡിന് സുൽത്താൻ അധ്യക്ഷത വഹിക്കും. സൈനിക പരേഡിനുപിന്നാലെ ഒമാനിൽ ദേശീയ ദിനാഘോഷങ്ങൾക്ക് തുടക്കമാവും.
മുന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസിന്റെ ജന്മദിനം ആയ നവംബര്‍ പതിനെട്ട് ആയിരുന്നു മുൻ വർഷങ്ങളിൽ ഒമാന്‍ ദേശീയ ദിനമായി ആഘോഷിച്ചിരുന്നത്. ബുസൈദി രാജവംശം ഒമാനിൽ ഭരണമേറ്റ തീയതിയെ സൂചിപ്പിക്കുന്നതിനാലാണ് നവംബർ 20 ദേശീയ ദിനമായി ആചരിക്കാൻ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് തീരുമാനിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ഖുറം ബീച്ചിൽ നടക്കുന്ന റോയൽ നേവി ഓഫ് ഒമാൻ ഫ്ലീറ്റിന്റെ നാവികസേന റിവ്യൂവിനും സുൽത്താൻ ഹൈതം ബിൻ താരിഖ് നേതൃത്വം നൽകും. ഖുറം തീരക്കടലിൽ നടക്കുന്ന പ്രദർശനത്തിൽ റോയൽ നേവി ഓഫ് ഒമാന്റെയും ജി.സി.സി കപ്പലുകളുടെയും പ്രദർശനമുണ്ടാകും. ഒമാന്റെ നാവിക കരുത്തും മേഖലയിലെ സൗഹൃദരാജ്യങ്ങളുമായുള്ള സഹകരണവും തെളിയിച്ച് 41 കപ്പലുകൾ പ്രദർശനത്തിന്റെ ഭാഗമാവും. വൈകീട്ട് നാലു മുതൽ 10 വരെ പൊതുജനങ്ങൾക്ക് ഈ പ്രദർശനം കാണാം. ലേസർ ഷോകൾ, വെടിക്കെട്ട്, സ്കൗട്ട്, തുടങ്ങിയ പരിപാടികളും ഖുറം ബീച്ചിൽ പൊതുജനങ്ങൾക്കായി ഒരുക്കുന്നുണ്ട്.
വെടിക്കെട്ട്
ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന വെടിക്കെട്ട് പ്രദർശനത്തിന്റെ സ്ഥലവും തീയതിയും ദേശീയ ആഘോഷത്തിനായുള്ള ജനറൽ സെക്രട്ടറിയേറ്റ് പ്രഖ്യാപിച്ചിരുന്നു. ദേശീയ ദിനമായ വ്യാഴാഴ്ച മസ്കത്തിലും ദോഫാറിലും കരിമരുന്ന്പ്രയോഗം നടക്കും. മസ്കത്തിൽ സീബിലെ ഖൂദ് ഡാമിന് സമീപവും ദോഫാറിൽ സലാലയിലെ അതീൻ പ്രദേശത്തുമാണ് കരിമരുന്ന് പ്രയോഗം നടക്കുക. നവംബർ 23ന് മുസന്ദമിലെ കസബിൽ സ്പെഷൽ ടാസ്ക് യൂനിറ്റിന് സമീപവും വർണവിസ്മയക്കാഴ്ചയൊരുക്കും. മൂന്നിടങ്ങളിലും രാത്രി എട്ടിനാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.
ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് രാജ്യത്ത് രണ്ട് ദിവസത്തെ ഔദ്യോഗിക അവധിയാണ് പ്രഖ്യാപിച്ചത്. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നിർദ്ദേശപ്രകാരമാണ് ഈ തീരുമാനം. നവംബർ 26, 27 തീയതികളാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വാരാന്ത്യ അവധി ദിവസങ്ങളടക്കം നാല് ദിവസം തുടർച്ചയായി അവധി ലഭിക്കും.


