മസ്ക്കറ്റ്: കൊവിഡ് മഹാമാരിയെ തടയാൻ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ ഒമാൻ നിശ്ചലം. രാജ്യത്തെ പ്രധാന റോഡുകളെല്ലാം വിജനമായി മാറി. കൊവിഡ് നിയന്ത്രണത്തിന് ലോക്ക്ഡൗണ്‍ സഹായകമാകുമെന്ന് ഒമാൻ സുപ്രിംകമ്മിറ്റി വ്യക്തമാക്കി. ഒമാന്റെ തലസ്ഥാന നഗരിയായ മസ്‌ക്കറ്റിലെ പ്രധാന വീഥികളെല്ലാം കഴിഞ്ഞ നാല് ദിവസമായി ശൂന്യമാണ്.

ആളൊഴിഞ്ഞ പ്രധാന കേന്ദ്രങ്ങൾ , രോഗത്തെ ചെറുക്കാനുള്ള സ്വദേശികളുടെയും പ്രവാസികളുടെയും ജാഗ്രതെയെയാണ് സൂചിപ്പിക്കുന്നത്. വൈകുന്നേരം ഏഴു മണി മുതൽ ഒമാനിൽ എങ്ങും പൂർണ നിശബ്ദത ആണ് നിറഞ്ഞു നിൽക്കുന്നത്. ലോക്ക്ഡൗൺ വീണ്ടും രാജ്യത്ത് നടപ്പാക്കിയതിനു ശേഷം കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നതായി ഒമാൻ ആരോഗ്യ മന്ത്രാലയ ഡയറക്ടർ ജനറൽ ഡോക്ടർ സൈഫ് അൽ അബ്രി വ്യക്തമാക്കി.

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചു വന്ന സാഹചര്യത്തിലാണ് ലോക്ക്ഡൗൺ വീണ്ടും നിലവിൽ വന്നത്. ജനം ഒരു ആവശ്യത്തിനും പുറത്തേക്കു ഇറങ്ങുന്നില്ല എന്ന സൂചനയാണ് കഴിഞ്ഞ നാല് ദിവസങ്ങളിലായി ഓമനിലെങ്ങും കണ്ടു വരുന്നത്. ഇത്രയധികം വിജനമായി ഇതിനു മുൻപേ മസ്ക്കറ്റ് നഗരം മാറിയിട്ടില്ല. പൂർണമായും സ്തംഭിച്ചു നിൽക്കുന്ന അവസ്ഥയ്ക്കാണ് ഇപ്പോൾ ഒമാൻ സാക്ഷ്യം വഹിക്കുന്നത്. ലോക്ക്ഡൗൺ നിബന്ധനകൾ പാലിക്കുന്നതിൽ സ്വദേശികളും വിദേശികളും പുലർത്തുന്ന പ്രതിബദ്ധതയെ ഒമാൻ സുപ്രിം കമ്മറ്റി അഭിനന്ദിക്കുകയും ചെയ്തു.