മസ്കറ്റ്: അനധികൃത ടാക്‌സി സർവീസുകൾ നടത്തുന്ന വിദേശികൾക്കെതിരെ കർശന നടപടിയെന്ന് ഒമാൻ ഗതാഗത മന്ത്രാലയം. അനുമതി ഇല്ലാതെ സമാന്തര പൊതു ഗതാഗതം നടത്തുന്നവരെ പിടികൂടുവാൻ റോയൽ ഒമാൻ  പൊലീസും  പരിശോധന ശക്തമാക്കിയിട്ടുണ്ട്. പിടിക്കപെട്ടാൽ  വൻ തുകയാകും  പിഴ ശിക്ഷ.

ഒമാൻ സ്വദേശികൾക്ക് മാത്രമായി അനുവദിച്ചിട്ടുള്ള ടാക്സി സർവീസ് മേഖലയിൽ, വിദേശികൾ സമാന്തര സർവീസുകൾ നടത്തി വരുന്നത് അധികാരികളുടെ  ശ്രദ്ധയിൽ പെട്ട പശ്ചാത്തലത്തില്‍ ആണ് ഗതാഗത മന്ത്രാലയം പരിശോധനകൾ ശക്തമാക്കിയിരിക്കുന്നത്. വിമാനത്താവളങ്ങൾ, ഇന്ത്യന്‍ സ്‌കൂളുകൾ, ആശുപത്രികൾ, സ്വകാര്യ ഓഫീസുകൾ എന്നി സ്ഥലങ്ങൾ കേന്ദ്രീകരിച്ച്, വിദേശികൾ നടത്തിവരുന്ന സമാന്തര പൊതു ഗതാഗത സര്‍വീസുകൾ ഒമാൻ ഗതാഗത നിയമം അനുസരിച്ചു  നിരോധിച്ചിട്ടുള്ളതാണ്.

എന്നാൽ, സ്വകാര്യാ ടാക്‌സി സര്‍വീസുകൾ ഇപ്പോൾ കൂടുതൽ വ്യാപകമായതോടു കൂടിയാണ് മന്ത്രാലയം ശക്തമായ നിയന്ത്രണം നടപ്പിലാക്കുന്നത്. ഇതിന്‍റെ ഭാഗമായി വിമാനത്താവളങ്ങളിലും, ഇന്ത്യൻ സ്കൂൾ വിദ്യാലയ പരിസരത്തും റോയൽ ഒമാൻ പൊലീസ്  പരിശോധനകൾ ശക്തമാക്കി കഴിഞ്ഞിട്ടുണ്ട്. രാജ്യാന്തര വിമാനത്താവളങ്ങളിൽ എത്തുന്ന യാത്രക്കാർ അനധികൃത ടാക്‌സികൾ ഒഴിവാക്കണമെന്നു ഗതാഗത മന്ത്രാലയം ഇതിനകം പ്രസ്താവനയിൽ  വ്യക്തമാക്കിയിട്ടുമുണ്ട്.

ലൈസന്‍സോടു കൂടി രാജ്യത്ത് നടത്തി വരുന്ന ടാക്സി സര്‍വീസുകളുടെ എല്ലാ പ്രവര്‍ത്തനങ്ങളും ഗതാഗത മന്ത്രാലയം നേരിട്ടു നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യും. 2019 ജൂൺ മുതൽക്കു മസ്‌കറ്റ് പ്രവിശ്യയിൽ പ്രവര്‍ത്തിച്ചു വരുന്ന എല്ലാ ടാക്സി സര്‍വീസുകള്‍ക്കും ഇലക്ട്രോണിക് മീറ്റർ നിര്‍ബന്ധമാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.