മസ്കറ്റ്: ഒമാനില്‍ വ്യാഴാഴ്ച മുതല്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ന്യൂനമര്‍ദത്തിന്‍റെ ഫലമായാണ് കനത്ത മഴ പെയ്യുകയെന്നാണ് മുന്നറിയിപ്പില്‍ ഒമാൻ  സിവിൽ എവിയേഷൻ  സമിതി വ്യക്തമാക്കിയിരുക്കുന്നത്. ഞായറാഴ്ച വരെ മഴ തുടരുമെന്നാണ് അറിയിപ്പ് വ്യക്തമാക്കുന്നത്. ജനങ്ങൾ ജാഗ്രതാ പാലിക്കണമെന്ന് റോയൽ ഒമാൻ പോലീസ്  മുന്നറിയിപ്പ് നല്‍കി.

അൽ റഹ്മാ ന്യൂന മർദ്ദം മൂലം കഴിഞ്ഞ വെള്ളിയാഴ്ച  ആരംഭിച്ച മഴയും കാറ്റും ഈ ബുധനാഴ്ച അവസാനിക്കുമ്പോൾ തന്നെ ഒമാനിൽ മറ്റൊരു ന്യൂന മർദ്ദം കൂടി രൂപപ്പെടുന്നുവെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിശദമാക്കുന്നത്. ഇതുമൂലം   വ്യാഴാഴ്ച ( 26 /03 /2020  ) മുതൽ  ശക്തമായ കാറ്റോടു കൂടി മഴ പെയ്യുമെന്നു  ഒമാൻ കാലാവസ്ഥ കേന്ദ്രത്തിന്റെ അറിയിപ്പിൽ പറയുന്നു. ഞായറാഴ്ച   വരെ ഈ കാലാവസ്ഥ  തുടരുമെന്നാണ്  റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.

മുസന്ദം ഗവർണറേറ്റിൽനിന്ന് മഴ  ആരംഭിച്ച് ബുറൈമി, തെക്ക്-വടക്കൻ ബാത്തിന, ദാഹിറ, ദാഖിലിയ, മസ്കത്ത്, തെക്ക്-വടക്കൻ ശർഖിയ മേഖലകളിലെല്ലാം മഴപെയ്യുവാൻ സാധ്യതയുണ്ട്. മത്സ്യ ബന്ധനത്തിന് കടലിൽ പോകുന്നവരും, വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോള്‍ വാദികൾ മുറിച്ചുകടക്കുന്നതും സുരക്ഷാ നിര്‍ദേശം അനുസരിച്ചു ആയിരിക്കണമെന്ന്  സിവിൽ ഏവിയേഷൻ  അതോറിറ്റി  അറിയിച്ചിട്ടുണ്ട് . നാല് ദിവസം മുൻപ്  മഴമൂലം ഉണ്ടായ വെള്ളപ്പാച്ചിലിൽ രണ്ടു മലയാളികളുൾപ്പെടെ  നാല് പേര്‍ മരിച്ചിരുന്നു.