മസ്‍കത്ത്: വിദ്യാഭ്യാസ രംഗത്ത് കൂടുതൽ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും, ആരോഗ്യ രംഗത്ത് കൂടുതൽ വൻ പദ്ധതികൾ ഉൾപ്പെടുത്തുമെന്നും ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്‌ അൽ സൈദ്. വിദ്യാഭ്യാസ, ആരോഗ്യ മേഖലകൾക്ക് കൂടുതൽ മുൻഗണന നൽകുമെന്നും  ചൊവ്വാഴ്ച രാവിലെ ബർക്ക കൊട്ടാരത്തിൽ നടന്ന  മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കവെ സുൽത്താൻ ഹൈതം ബിൻ താരിക്ക് പറഞ്ഞു.

രാജ്യം നേരിടുന്ന സാമ്പത്തിക വെല്ലുവിളികളെക്കുറിച്ചും അദ്ദേഹം മന്ത്രിസഭാ യോഗത്തിൽ സംസാരിച്ചു. സ്ഥിതി മെച്ചപ്പെടുത്തുന്നതിന് സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചുവരുന്നതായും അദ്ദേഹം അറിയിച്ചു. സുസ്ഥിര നിലവാരത്തിലുള്ള സാമ്പത്തിക സന്തുലനം  ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതികളാണ് ഭരണകൂടം നടപ്പിലാക്കി വരുന്നത്. സാമ്പത്തിക വളർച്ച, വരുമാന സ്രോതസ്സുകൾ, ചെലവ് ചുരുക്കൽ, സാമൂഹിക സുരക്ഷ തുടങ്ങിയ മേഖലകളിൽ  ശ്രദ്ധയൂന്നിക്കൊണ്ടുള്ള പദ്ധതികൾക്കും സർക്കാർ രൂപം നൽകിക്കഴിഞ്ഞതായി അദ്ദേഹം വ്യക്തമാക്കി.