മസ്‍കത്ത്: ഒമാനില്‍ പഴയ കറന്‍സി നോട്ടുകള്‍ പിന്‍വലിക്കുന്നു. 1995 നവംബര്‍ ഒന്നിന് മുന്‍പ് പുറത്തിറക്കിയ എല്ലാ നോട്ടുകളും അടുത്തമാസം അവസാനത്തോടെ അസാധുവാകുമെന്ന് ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. പഴയ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ ഏപ്രില്‍ ഒന്നു മുതല്‍ ഒരു മാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. സമയപരിധി അവസാനിക്കുന്നതോടെ പഴയ നോട്ടുകളുടെ ഉപയോഗം നിയമവിരുദ്ധമായി കണക്കാക്കും. രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെല്ലാം ഇത് ബാധകമാണ്.

1970ല്‍ മസ്‍കത്ത് കറന്‍സി അതോറിറ്റി പുറത്തിറക്കിയ 100 ബൈസ, കാല്‍ റിയാല്‍, അര റിയാല്‍, ഒരു റിയാല്‍, അഞ്ച് റിയാല്‍, പത്ത് റിയാല്‍ എന്നിവയും 1972ല്‍ ഒമാന്‍ കറന്‍സി ബോര്‍ഡ് പുറത്തിറക്കിയ വിവിധ കറന്‍സികളും പിന്നീട് 1995 നവംബര്‍ ഒന്നുവരെ ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് വിവിധ വര്‍ഷങ്ങളില്‍ പുറത്തിറക്കിയ മറ്റ് കറന്‍സികളും ഒരു മാസത്തെ സമയപരിധിക്ക് ശേഷം അസാധുവാകും. 1995 നവംബര്‍ ഒന്നിന് പുറത്തിറക്കിയിട്ടുള്ള നോട്ടുകളും പിന്‍വലിക്കുന്നവയില്‍ ഉള്‍പ്പെടുന്നുണ്ട്. മുന്‍വശത്ത് തിളങ്ങുന്ന ഹോളോഗ്രാഫിക് സെക്യൂരിറ്റി സ്ട്രിപ്പില്ലാത്ത 50, 20, 10, 5 റിയാലുകളുടെ നോട്ടുകളും പിന്‍വലിക്കുകയാണെന്ന് കേന്ദ്ര ബാങ്ക് അറിയിച്ചിട്ടുണ്ട്.

പഴയ നോട്ടുകള്‍ റൂവിയിലുള്ള ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് ആസ്ഥാനത്ത് നിന്നോ അല്ലെങ്കില്‍ സലാലയിലോ സോഹാറിലോ ഉള്ള സെന്‍ട്രല്‍ ബാങ്ക് ശാഖകളില്‍ നിന്നോ മാറ്റി പുതിയ നോട്ടുകള്‍ കൈപ്പറ്റാനാകുമെന്നും അറിയിപ്പില്‍ പറയുന്നു.