ഫ്രാന്‍സിലെ ഇന്ത്യന്‍ അംബാസിഡര്‍ ശ്രീ.ജാവെദ് അഷ്റഫ് പരിപാടി ഉദ്ഘാടനം ചെയ്തശേഷം ചടങ്ങിനെ അഭിസംബോധന ചെയ്തു സംസാരിച്ചു.

പാരീസ്: കൊവിഡ് അലകളൊതുങ്ങി തിരിച്ചുവരവിനായി തയ്യാറെടുക്കുന്ന ഫ്രാന്‍സില്‍ 'സമ' മലയാളി അസോസിയേഷന്‍ അതിഗംഭീരമായി തിരുവോണത്തെ വരവേറ്റു. തിരുവോണദിവസമായ ഓഗസ്റ്റ് 21ന് തന്നെ വിഭവസമൃദ്ധമായ സദ്യയ്ക്കൊപ്പം ഒരുക്കിയ കലാസാംസ്‌കാരിക പരിപാടികള്‍ ദേശീയ ഗാനത്തോടു കൂടിയാണ് ആരംഭിച്ചത്. ഫ്രാന്‍സിലെ ഇന്ത്യന്‍ അംബാസിഡര്‍ ശ്രീ.ജാവെദ് അഷ്റഫ് പരിപാടി ഉദ്ഘാടനം ചെയ്തശേഷം ചടങ്ങിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. ഇന്ത്യന്‍ എംബസ്സിയില്‍ നിന്നും ഡോ. കെ എം പ്രഫുല്ലചന്ദ്ര ശര്‍മ്മ, ശ്രീല ദത്ത കുമാര്‍, നമന്‍ ഉപാദ്ധ്യായ, സൗമ്യ സി തുടങ്ങിയവരും പരിപാടിയില്‍ സന്നിഹിതരായിരുന്നു. സമ ഫ്രാന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ. ജിത്തു ജനാര്‍ദ്ദനന്‍ ചടങ്ങില്‍ അധ്യക്ഷസ്ഥാനം വഹിച്ചു. 

സമയുടെ സന്തത സഹചാരിയായ ശ്രീ.ഹെന്റി വിദാല്‍ ഇത്തവണയും ഫ്രാന്‍സിലെ ഓണത്തിന് മാവേലിയായെത്തി. കേരളത്തിന്റെ തനതു തിരുവാതിരകളിയോടുകൂടിത്തന്നെ കലാപരിപാടികള്‍ ആരംഭിച്ചു. ഇന്ത്യയിലെ വിവിധ ശാസ്ത്രീയ നൃത്തരൂപങ്ങള്‍ ഒരുമിപ്പിച്ചുകൊണ്ടുള്ള നൃത്തശില്പം, കേരള കലാഗ്രാം, ടീം സമ, തുടങ്ങിയവര്‍ അവതരിപ്പിച്ച വിവിധ നൃത്തനൃത്യങ്ങള്‍, കെഎല്‍ പാരീസ് മ്യൂസിക് ബാന്‍ഡിന്റെ ഫ്യൂഷന്‍ റോക്ക് എല്ലാം ഓണാഘോഷത്തിന് മാറ്റുകൂട്ടി. കുട്ടികള്‍ അവതരിപ്പിച്ച പാട്ടും നൃത്തവും എല്ലാം സദസ്സിന്റെ മനം കവര്‍ന്നു. ഇടവേളകളില്‍ എല്ലാവര്‍ക്കുമായി നാടന്‍ കളികളും ക്വിസ് മത്സരങ്ങളും നടത്തിക്കൊണ്ട് സദസ്സിനെ സജീവമാക്കി നിര്‍ത്തി.

 ഫ്രാന്‍സിലെ നിരവധി കലാസ്‌നേഹിതര്‍ അവതരിപ്പിച്ച ശാസ്ത്രീയ സംഗീത, നൃത്ത വിരുന്നുകള്‍ക്കൊപ്പം മാപ്പിളപ്പാട്ടുകളും നാടന്‍ പാട്ടുകളും ഒക്കെ ചേര്‍ന്നപ്പോള്‍ ഓണം ഒരു ഉത്സവമായി. പരിപാടിയില്‍ എത്തിച്ചേരാന്‍ കഴിയാതിരുന്നവര്‍ ദൂരദേശങ്ങളില്‍ നിന്നും അയച്ചുതന്ന കലാ വിഡിയോകളും ആശംസകളും വേദിയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടായിരുന്നു. വൈകുന്നേരം സ്ത്രീപുരുഷഭേദമെന്യേ ആവേശകരമായി നടത്തിയ വടംവലി മത്സരത്തോടുകൂടി പരിപാടികള്‍ക്ക് കലാശക്കൊട്ടായി. കെടിഎ സ്‌പോര്‍ട്‌സ് ക്ലബ്ബുമായി ചേര്‍ന്ന് ഓഗസ്റ്റ് 29ന് ഓണം സ്‌പെഷ്യല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്‍റും സംഘടിപ്പിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona