റാസല്‍ഖൈമ: റാസല്‍ഖൈമയിലെ ഹുവൈലത്ത് ഏരിയയിലുണ്ടായ വാഹനാപകടത്തില്‍ 42 വയസുകാരി മരിച്ചു. ഇവരുടെ സഹോദരിയായ 38 വയസുകാരി അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച രാവിലെയാണ് ദാരുണമായ അപകടമുണ്ടായതെന്ന് റാസല്‍ഖൈമ പൊലീസ് ട്രാഫിക് ആന്റ് പട്രോള്‍ വകുപ്പ് ഡയറക്ടര്‍ കേണല്‍ അല്‍ നഖ്‍ബി പറഞ്ഞു.

ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് റോഡിന്റെ ഒരു വശത്തേക്ക് ഇടിച്ചുകയറി പല തവണ തലകീഴായി മറിയുകയായിരുന്നുവെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു. വാഹനം ഓടിച്ചിരുന്ന സ്ത്രീയാണ് മരിച്ചത്. രാവിലെ 11 മണിക്കാണ് പൊലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് റൂമില്‍ അപകടം സംബന്ധിച്ച വിവരം ലഭിച്ചത്. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകരും പൊലീസും ആംബുലന്‍സ് സംഘവും സ്ഥലത്തെത്തി. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഡ്രൈവര്‍മാര്‍ വേഗപരിധിയും ഗതാഗത നിയമങ്ങളും കര്‍ശനമായി പാലിക്കണമെന്ന് പൊലീസ് അറിയിച്ചു.