റിയാദ്:സൗദിയിൽ വിദേശിക്ക് കൊറോണ വൈറസ് ബാധ കണ്ടെത്തി. കാലികളുമായി അടുത്ത് ഇടപഴകുന്നവർ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

മക്കയിൽ കന്നുകാലികളുമായി അടുത്തിടപഴകിയ വിദേശിയിലാണ് കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചത്. പരിശോധനയിൽ ഇയാളുടെ ആരോഗ്യ നില ഭദ്രമാണെന്ന് കണ്ടെത്തി. വൈറസ് ബാധിച്ച ആളുമായി അടുത്ത് ഇടപഴകിയവരെയും പരിശോധനക്ക് വിധേയമാക്കി.

എന്നാൽ മറ്റാർക്കും രോഗം ബാധിച്ചതായി സ്ഥിരീകരിച്ചിട്ടില്ലെന്നു ആരോഗ്യ വകുപ്പ് വ്യക്താവ് പറഞ്ഞു. രോഗം ബാധിച്ച വിദേശി ഏതു രാജ്യക്കാരനാണെന്നു അധികൃതർ വ്യക്തമാക്കിയിട്ടില്ല.  2012 ലാണ് സൗദിയിൽ ആദ്യമായി കൊറോണ വൈറസ് ബാധ കണ്ടെത്തുന്നത്.

ഇതിനകം നിരവധിപേരാണ് കൊറോണ ബാധിച്ചു മരിച്ചത്. രോഗികളുമായി ഇടപഴകുന്നത് രോഗം പടരുന്നതിന് കാരണമാകുമെന്ന് വിദഗദ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാൻ ശക്തമായ നടപടികളാണ് ആരോഗ്യ മന്ത്രാലയം സ്വീകരിച്ചിട്ടുള്ളത്.