ദമാം: ഓൺലൈൻ വഴി മരുന്ന് ഇറക്കുമതി ചെയ്യുന്നതിന് സൗദിയിൽ വിലക്ക്. ഓൺലൈനായി വാങ്ങുന്ന മരുന്നുകൾ കൊറിയറായി ഉപഭോക്താക്കൾക്ക് എത്തിച്ചു കൊടുക്കരുതെന്ന് പൊതുഗതാഗത അതോറിറ്റിയോട് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി ആവശ്യപ്പെട്ടു. ഓൺലൈനായി മരുന്നുകളും മെഡിക്കൽ ഉൽപ്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിന് വിലക്കുള്ളതായി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയാണ് വ്യക്തമാക്കിയത്.

മരുന്ന് ഇറക്കുമതി ചെയ്യുന്നതിന് ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയിൽ നിന്ന് മുൻകൂട്ടിയുള്ള അനുമതി ആവശ്യമാണ്. മുൻകൂർ അനുമതിയില്ലാതെ മരുന്നുകളും ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളും സ്വീകരിക്കരുതെന്നു കൊറിയർ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളെയും പൊതുഗതാഗത അതോറിറ്റി അറിയിച്ചിട്ടുണ്ട്.

വിദേശത്ത് നിന്ന് സൗദിയിലേക്ക് മരുന്നുകൾ കൊണ്ടുവരുന്നതിന് ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിക്ക് കൃത്യമായ മാനദണ്ഡങ്ങളുണ്ട്. ആ മാനദണ്ഡങ്ങൾ പാലിക്കാതെയും കൃത്യമായ രേഖകളില്ലാതെയും വിദേശത്തുനിന്ന് മരുന്നുകൾ കൊണ്ടുവന്നതിന് നിരവധിപേർ സൗദിയിലെ വിവിധ വിമാനത്താവളങ്ങളിൽ പിടിയിലായിട്ടുണ്ട്. ഇത്തരത്തിൽ കുടുംബമായെത്തിയ മലയാളികളും പിടിയിലായിട്ടുണ്ട്.