P158 എന്ന വ്യോമപാത മാത്രമാണ് ഇപ്പോള്‍ പാകിസ്ഥാന്‍ തുറന്നിരിക്കുന്നത്. എന്നാല്‍ നേരത്തെ ഇതുവഴി സര്‍വീസ് നടത്തിയിരുന്ന എല്ലാ വിമാനങ്ങളും സര്‍വീസ് പുനരാരംഭിച്ചിട്ടില്ല. എയര്‍ ഇന്ത്യ, ടര്‍കിഷ് എയര്‍ലൈന്‍, യുണൈറ്റഡ് എയര്‍ലൈന്‍സ് എന്നീ കമ്പനികള്‍ ഇതുവഴി സര്‍വീസ് ആരംഭിച്ചതായി മുംബൈ എയര്‍ ട്രഫിക് കണ്‍ട്രോള്‍ വൃത്തങ്ങള്‍ അറിയിച്ചു. 

മുംബൈ: ഒരു മാസത്തിലധികം നീണ്ട നിയന്ത്രണങ്ങള്‍ക്കൊടുവില്‍ പാകിസ്ഥാന്‍ തങ്ങളുടെ വ്യോമപാത ഭാഗികമായി തുറന്നുകൊടുത്തു. പാകിസ്ഥാനില്‍ ഇറങ്ങാതെ പാക് വ്യോമപാതയിലൂടെ സഞ്ചരിക്കുന്ന വിമാനങ്ങള്‍ക്ക് ഇനി ഇതുവഴി പറക്കാം. ഇതോടെ എയര്‍ഇന്ത്യ, ടര്‍കിഷ് എയര്‍ലൈന്‍സ്, യുണൈറ്റഡ് എയര്‍ലൈന്‍സ് തുടങ്ങിയവയ്ക്ക് യാത്രാ സമയവും ഇന്ധനവും ലാഭിക്കാനാവുമെന്ന് കമ്പനികള്‍ വ്യക്തമാക്കുന്നു.

P158 എന്ന വ്യോമപാത മാത്രമാണ് ഇപ്പോള്‍ പാകിസ്ഥാന്‍ തുറന്നിരിക്കുന്നത്. എന്നാല്‍ നേരത്തെ ഇതുവഴി സര്‍വീസ് നടത്തിയിരുന്ന എല്ലാ വിമാനങ്ങളും സര്‍വീസ് പുനരാരംഭിച്ചിട്ടില്ല. എയര്‍ ഇന്ത്യ, ടര്‍കിഷ് എയര്‍ലൈന്‍, യുണൈറ്റഡ് എയര്‍ലൈന്‍സ് എന്നീ കമ്പനികള്‍ ഇതുവഴി സര്‍വീസ് ആരംഭിച്ചതായി മുംബൈ എയര്‍ ട്രഫിക് കണ്‍ട്രോള്‍ വൃത്തങ്ങള്‍ അറിയിച്ചു. ദില്ലിയില്‍ നിന്ന് ലണ്ടന്‍, വാഷിങ്ടണ്‍, ന്യൂയോര്‍ക്ക്, ഷിക്കാഗോ എന്നിവിടങ്ങളിലേക്കുള്ള എയര്‍ഇന്ത്യ വിമാനങ്ങള്‍ ദക്ഷിണ പാകിസ്ഥാന്‍ വഴി പറന്നുതുടങ്ങിയെന്ന് എയര്‍ ഇന്ത്യ അധികൃതരും അറിയിച്ചു. യാത്രാ സമയത്തില്‍ ശരാശരി 15 മിനിറ്റിന്റെ ലാഭമാണ് ഇതുവഴിയുണ്ടാകുന്നത്. 

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ സേന പാകിസ്ഥാനിലെ തീവ്രവാദി ക്യാമ്പുകളില്‍ ആക്രമണം നടത്തിയതോടെയാണ് ഫെബ്രുവരി 27ന് പാകിസ്ഥാന്‍ തങ്ങളുടെ വ്യോമപാത അടച്ചത്. തുടര്‍ന്ന് ഈ വ്യോമപാത ഒഴിവാക്കിയായിരുന്നു വിമാനങ്ങള്‍ സഞ്ചരിച്ചിരുന്നത്. മുംബൈ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ തിരക്ക് വര്‍ദ്ധിക്കാനും ഇത് കാരണമായി. സാധാരണ ഗതിയില്‍ 750 വിമാനങ്ങളെ വരെ പ്രതിദിനം നിയന്ത്രിച്ചിരുന്ന മുംബൈ എയര്‍ട്രാഫിക് കണ്‍ട്രോളില്‍ 1200ലധികം വിമാനങ്ങളാണ് ഈ ദിവസങ്ങളില്‍ നിയന്ത്രിച്ചത്.