മിനിറ്റുകള്‍ വൈകുമെന്ന് അറിയിച്ച വിമാനം വൈകിയത് 10 മണിക്കൂറാണ്. തങ്ങളോട് ഇതേക്കുറിച്ച് ബന്ധപ്പെട്ട ആരും കൃത്യമായി സംസാരിച്ചില്ലെന്നും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നില്ലെന്നും യാത്രക്കാര്‍ പ്രതികരിച്ചു.
മുംബൈ: ദുബൈയിലേക്കുള്ള സ്പൈസ്ജെറ്റ് വിമാനം വൈകിയതോടെ വലഞ്ഞ് യാത്രക്കാര്‍. 10 മണിക്കൂറിലേറെയാണ് വിമാനം വൈകിയത്. മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട വിമാനം മണിക്കൂറുകള്‍ വൈകിയതോടെ യാത്രക്കാര്‍ പ്രതിസന്ധിയിലായി.
എയര്‍ലൈന്‍റെ ഭാഗത്ത് നിന്ന് യാതൊരു ആശയവിനിമയവും ഇതുമായി ബന്ധപ്പെട്ട് ഉണ്ടായില്ലെന്നും യാത്രക്കാര്‍ ആരോപിക്കുന്നു. ജൂലൈ 13ന് അർധരാത്രി 1.50ന് പുറപ്പെടേണ്ട എസ്ജി-13 വിമാനം അവസാന നിമിഷം സാങ്കേതിക തകാര്‍ മൂലം വൈകുകയായിരുന്നു. വിമാനത്തിന്‍റെ പ്രവര്‍ത്തനത്തിന് പ്രതീക്ഷിച്ചിതിലും കൂടുതല്‍ സമയം വേണ്ടി വന്നെന്നും ജീവനക്കാരുടെ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷന്‍ കഴിഞ്ഞതായും സ്പൈസ്ജൈറ്റ് വക്താവ് പറഞ്ഞു. അസൗകര്യത്തില്‍ എയര്‍ലൈന്‍ വക്താവ് ഖേദം പ്രകടിപ്പിച്ചു. തുടര്‍ന്ന് രാവിലെ മറ്റൊരു ക്രൂവിനെ നിയോഗിക്കുകയുമായിരുന്നു.
മിനിറ്റുകള്‍ മാത്രം വൈകുമെന്നാണ് അറിയിച്ചത് എന്നാല്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ടി വന്നതായി യാത്രക്കാര്‍ പരാതി പറഞ്ഞു. ആരും തന്നെ വ്യക്തമായൊരു വിശദീകരണം നല്‍കിയില്ലെന്നും കാത്തിരിക്കാന്‍ മാത്രമാണ് ജീവനക്കാര്‍ പറഞ്ഞതെന്നും ഒരു യാത്രക്കാരന്‍ എക്സ് പ്ലാറ്റ്‍ഫോമില്‍ കുറിച്ചു. വിമാനം മണിക്കൂറുകള്‍ വൈകിയതോടെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചു. തങ്ങള്‍ക്ക് നിലത്ത് കിടക്കേണ്ടി വന്നതായും സ്വന്തമായി ഭക്ഷണം കഴിക്കേണ്ടി വന്നതായും ചില യാത്രക്കാര്‍ പറഞ്ഞു. എയര്‍ലൈന്‍ ഒരു സൗകര്യവും ഏര്‍പ്പാടാക്കിയിരുന്നില്ലെന്നും അവര്‍ ആരോപിച്ചു.
