Asianet News MalayalamAsianet News Malayalam

കാത്തിരിപ്പ് ആറ് മണിക്കൂര്‍ നീണ്ടു; ക്ഷമനശിച്ച് ഡോക്ടറെ തല്ലിയ പ്രവാസിക്ക് ശിക്ഷ

ഉമ്മുല്‍ഖുവൈനിലെ ഒരു ആശുപത്രിയിലായിരുന്നു സംഭവം. പ്രത്യേകിച്ച് ഒരു കാരണവും കൂടാതെ രാവിലെ എട്ട് മണി മുതല്‍ ഉച്ചയ്ക്ക് രണ്ടുമണി വരെ ഡോക്ടറെ കാത്തിരിക്കേണ്ടിവന്നുവെന്നും അതുകൊണ്ടാണ് ഡോക്ടറെ കൈയേറ്റം ചെയ്തതെന്നും പ്രതി പറഞ്ഞു.

Patient slaps doctor in UAE after waiting for 6 hours
Author
Umm Al Quwain - Umm Al Quawain - United Arab Emirates, First Published Feb 5, 2020, 10:23 PM IST

ഉമ്മുല്‍ഖുവൈന്‍: ഡോക്ടറെ കാണാന്‍ ആശുപത്രിയിലെ കാത്തിരിപ്പ് മണിക്കൂറുകളോളം നീണ്ടപ്പോള്‍ ക്ഷമനശിച്ച് ഡോക്ടറെ തല്ലിയ പ്രവാസിക്ക് യുഎഇ കോടതി ശിക്ഷ വിധിച്ചു. അറബ് വംശജനായ പ്രതിക്ക് ഒരു വര്‍ഷം ജയില്‍ ശിക്ഷയും 50,000 ദിര്‍ഹം പിഴയുമാണ് ഉമ്മുല്‍ഖുവൈന്‍ കോടതി ശിക്ഷ വിധിച്ചത്.

ഉമ്മുല്‍ഖുവൈനിലെ ഒരു ആശുപത്രിയിലായിരുന്നു സംഭവം. പ്രത്യേകിച്ച് ഒരു കാരണവും കൂടാതെ രാവിലെ എട്ട് മണി മുതല്‍ ഉച്ചയ്ക്ക് രണ്ടുമണി വരെ ഡോക്ടറെ കാത്തിരിക്കേണ്ടിവന്നുവെന്നും അതുകൊണ്ടാണ് ഡോക്ടറെ കൈയേറ്റം ചെയ്തതെന്നും പ്രതി പറഞ്ഞു. കാത്തിരുന്ന് മടുത്ത ഇയാള്‍ ഡോക്ടറുടെ മുറിയിലേക്ക് തള്ളിക്കയറുകയായിരുന്നു. ഈ സമയം മറ്റൊരു രോഗിയെ പരിശോധിക്കുകയായിരുന്ന ഡോക്ടര്‍, ഇയാളോട് പുറത്തുപോകാന്‍ പറഞ്ഞു. ഇതില്‍ കുപിതനായാണ് ഡോക്ടറുടെ മുഖത്തടിച്ചത്.

ആശുപത്രി ജീവനക്കാര്‍ പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ആക്രമണത്തില്‍ ഡോക്ടറുടെ കഴുത്തില്‍ നിസാര മുറിവുകളേറ്റെന്ന് ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട് വ്യക്തമാക്കി. ദൃക്സാക്ഷികളുടെ മൊഴിയും പ്രതിയ്ക്ക് എതിരായിരുന്നു. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ സര്‍ക്കാര്‍ ജീവനക്കാരനെ മര്‍ദിച്ചത് അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കോടതി ശിക്ഷ വിധിച്ചത്.

Follow Us:
Download App:
  • android
  • ios