കോഴിക്കോട്: ഇത്തിക്കരപ്പക്കിയും വെള്ളായണി പരമുവും പോലെയാണ് മുഖ്യമന്ത്രി പിണറായി വിജയനു പ്രധാനമന്ത്രി നരേന്ദ്രമോദിയുമെന്ന് കെ. മുരളീധരന്‍ എം.പി ആരോപിച്ചു. പ്രവാസികളോട് നീതി കാണിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സെക്രട്ടറിയറ്റിന് മുന്നിൽ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോഴിക്കോട് കളക്ടറേറേറ്റിന് മുന്നില്‍ നടന്ന സമരത്തിനിടെയായിരുന്നു മുരളീധരന്റെ പരിഹാസം.

കെ.എം.സി.സിയും ഇന്‍കാസുമാണ് പ്രവാസികളെ കൊണ്ടുവരാൻ വിമാനം ചാർട്ട് ചെയ്യുന്നത്. പ്രവാസികളെ കൊണ്ടു വരുന്നതിന്റെ ക്രെഡിറ്റ് യു.ഡി.എഫിന് കിട്ടുമെന്ന് കരുതിയാണ് സർക്കാർ അതിനെ അട്ടിമറിയ്ക്കാന്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ്  ചാർട്ടേഡ് വിമാനത്തിൽ വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന് നിർബന്ധം പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. രോഗികൾക്ക് മാത്രമായി വിമാനം ഏർപ്പെടുത്താമെന്ന് പറയുന്നത് വിഡ്ഢിത്തമാണെന്നും  പ്രവാസികളുടെ പ്രശ്നത്തിൽ തീരുമാനമായില്ലങ്കിൽ അനിശ്ചിതകാല ഉപവാസം നടത്തുമെന്നും കെ. മുരളിധരൻ എം.പി അറിയിച്ചു.