യുഎഇയിലെ ആശുപത്രികളില്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്യാനെത്തുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. സെലിബ്രിറ്റികളുടെ മുഖവും ശരീരവും മനസില്‍ കണ്ടെത്തുന്ന ഇവര്‍ ഡോക്ടര്‍മാര്‍ക്ക് പുതിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന തെറ്റായ വിവരങ്ങളാണ് ആളുകളെ ഇത്തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് ഡോക്ടര്‍മാരുടെ വാദം.

ദുബായ്: യുഎഇയിലെ ആശുപത്രികളില്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്യാനെത്തുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. സെലിബ്രിറ്റികളുടെ മുഖവും ശരീരവും മനസില്‍ കണ്ടെത്തുന്ന ഇവര്‍ ഡോക്ടര്‍മാര്‍ക്ക് പുതിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന തെറ്റായ വിവരങ്ങളാണ് ആളുകളെ ഇത്തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് ഡോക്ടര്‍മാരുടെ വാദം.

സ്വന്തം ശരീരവും മുഖവും ഫോട്ടോഷോപ്പ് ചെയ്യണമെന്ന ആവശ്യവുമായി ഡോക്ടര്‍മാര്‍ക്ക് മുന്നിലെത്തുന്നവരില്‍ ഭൂരിപക്ഷവും ചെറുപ്പക്കാരാണ്. അമിത പ്രതീക്ഷയുമായെത്തുന്ന ഇവരില്‍ പലരും മനസിലുള്ള ഏതെങ്കിലും സെലിബ്രിറ്റികളുടെ പേര് പറഞ്ഞ് അതുപോലെ ശരീരം മാറ്റിയെടുക്കണമെന്നായിരിക്കും ആവശ്യപ്പെടുകയെന്ന് അബുദാബി യൂണിവേഴ്സല്‍ ആശുപത്രിയിലെ പ്ലാസ്റ്റിക് സര്‍ജറി വിദഗ്ദര്‍ ഡോ. ലിയോണ്‍ അലക്സാണ്ടര്‍ പറയുന്നു.

പ്ലാസ്റ്റിക് സര്‍ജറി കൊണ്ട് ശരീരത്തില്‍ പാടുകളൊന്നും ഉണ്ടാവില്ലെന്ന ധാരണയും പലര്‍ക്കുമുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. സോഷ്യല്‍ മീഡിയകളിലും മറ്റും സെലിബ്രിറ്റികള്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങളാണ് ഇതിലേക്ക് നയിക്കുന്നത്. ശസ്ത്രക്രിയ നടത്തിയാല്‍ ശരീരത്തില്‍ അടയാളങ്ങള്‍ അവശേഷിക്കുമെന്നും മേക്കപ്പ് ചെയ്ത് മറ്റ് സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് ഫോട്ടോകള്‍ ഇങ്ങനെയാക്കുന്നതെന്നും പറഞ്ഞാലും പലര്‍ക്കും വിശ്വാസം വരില്ലത്രെ. 

സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെയാണ് ചെറുപ്പക്കാര്‍ ശസ്ത്രക്രിയ തേടിയെത്തുന്നത്. ഉല്ലാസ യാത്ര പോലെ എളുപ്പമല്ല ശസ്ത്രക്രിയയെന്ന് ഇവരെ പറഞ്ഞ് ബോധ്യപ്പെടുന്ന കാര്യം ഏറെ ശ്രമകരമാണെന്നാണ് ഡോക്ടര്‍മാരുടെ അനുഭവം. ചില ഡോക്ടര്‍മാരും ഇത്തരം പ്രവണതകള്‍ക്ക് ഉത്തരവാദികളാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. തങ്ങളുടെ ശസ്ത്രക്രിയയുടെ വിവരങ്ങളും അതിന്റെ ഫലം സംബന്ധിച്ച വീഡിയോ ദൃശ്യങ്ങളുമൊക്കെ സാമൂഹിക മാധ്യമങ്ങള്‍ വഴി പങ്കുവെയ്ക്കുന്ന ഡോക്ടര്‍മാരെ വിശ്വസിച്ച് ആശുപത്രികളിലെത്തുന്നവരാണത്രെ കൂടുതല്‍.