പുതുക്കിയ സര്‍വീസ് സമയങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ വരും.
ദോഹ: വിമാനങ്ങളുടെ സർവീസ് സമയക്രമത്തിൽ മാറ്റം വരുത്തി ഖത്തർ എയർവേസ്. മേഖലയിലെ നിലവിലെ സാഹചര്യം മുൻനിർത്തി എയർലൈനിന്റെ ആഗോള സർവീസിൽ ഉണ്ടായേക്കാവുന്ന തടസ്സങ്ങൾ ലഘൂകരിക്കാൻ ലക്ഷ്യമിട്ടും നെറ്റ്വർക്ക് കണക്ടിവിറ്റി ഉറപ്പാക്കുന്നതിനും വേണ്ടിയാണ് സമയക്രമങ്ങളിൽ മാറ്റം വരുത്തുന്നത്. ഇന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരും.
യാത്രയ്ക്ക് മുൻപ് വിമാനങ്ങളുടെ സമയക്രമങ്ങൾ യാത്രക്കാർ പരിശോധിക്കണം. ചില വിമാനങ്ങൾ നിശ്ചയിച്ച ഷെഡ്യൂൾ സമയത്തേക്കാൾ നേരത്തെ പുറപ്പെടുമെന്നും അധികൃതർ വ്യക്തമാക്കി. ഖത്തർ എയർവേയ്സ് വിമാനങ്ങളുടെ സമയക്രമങ്ങൾ കമ്പനിയുടെ മൊബൈൽ ആപ് അല്ലെങ്കിൽ വെബ്സൈറ്റിലൂടെ പരിശോധിച്ച് ഉറപ്പാക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് തങ്ങളുടെ മുൻഗണനയെന്നും സുരക്ഷിതമായ വിമാന യാത്രകൾക്കായി വ്യോമയാന ചട്ടങ്ങൾ പൂർണമായും പാലിക്കുന്നുണ്ടെന്നും ഖത്തർ എയർവേസ് അറിയിച്ചു.
