പാരിസ്: ഫ്രാന്‍സില്‍ നിന്ന് ഖത്തര്‍ വാങ്ങുന്ന റാഫേല്‍ യുദ്ധ വിമാനങ്ങളില്‍ ആദ്യത്തേത് ഖത്തറിന് കൈമാറി. ബോര്‍ഡൗവിലെ ഡോസോ ഏവിയേഷന്‍ ആസ്ഥാനത്ത് നടന്ന ചടങ്ങിലായിരുന്നു കൈമാറ്റം.  ഖത്തര്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്വിയ വിമാനം ഏറ്റുവാങ്ങി.

ചരിത്രപരമായിത്തന്നെ ഖത്തറും ഫ്രാന്‍സും തമ്മില്‍ മികച്ച ബന്ധമാണുണ്ടായിരുന്നുവെന്ന് ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്വിയ പറഞ്ഞു. ഖത്തര്‍ വ്യോമസേനയുടെ ഭാഗമാവുന്ന വിമാനത്തിന് അല്‍ ആദിയത്ത് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. 2015ലാണ് 24 റാഫേല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഖത്തര്‍ ഫ്രാന്‍സുമായി കരാറിലേര്‍പ്പെട്ടത്. പിന്നീട് 12 വിമാനങ്ങള്‍ കൂടി ചേര്‍ത്ത് കരാര്‍ 36 എണ്ണത്തിനാക്കി.

ഫ്രഞ്ച് സായുധ സേനാ മന്ത്രിയുടെ സ്റ്റേറ്റ് സെക്രട്ടറി ജെനിവീവ് ഡാര്‍യുസെക്, ഡാസോ ഏവിയേഷന്‍ ചെയര്‍മാനും സിഇഒയുമായ എറിക് ട്രാപ്പിയര്‍, ഫ്രാന്‍സിലെ ഖത്തര്‍ സ്ഥാനപതി ഷെയ്ഖ് അലി ബിന്‍ ജാസിം അല്‍ഥാനി, അമീരി വ്യോമസേന കമാന്‍ഡര്‍ മേജര്‍ ജനറല്‍ മുബാറക് ബിന്‍ മുഹമ്മദ് അല്‍ ഖയാരിന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു