ദോഹ: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ഖത്തര്‍. സ്വകാര്യ മേഖലയുടെ പ്രവര്‍ത്തന സമയത്തിലുള്‍പ്പെടെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

വാഹനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ പരമാവധി നാലു പേര്‍ക്ക് യാത്ര ചെയ്യാം. നേരത്തെ രണ്ടു പേര്‍ക്ക് മാത്രമായിരുന്നു അനുമതി നല്‍കിയിരുന്നത്. കുടുംബാംഗങ്ങളാണെങ്കില്‍ സ്വകാര്യ വാഹനങ്ങളില്‍ നാലില്‍ കൂടുതല്‍ ആളുകളുമായി യാത്ര ചെയ്യാം. സ്വകാര്യ മേഖലയിലെ ജോലി സമയം രാവിലെ ഏഴിനും രാത്രി എട്ടിനും ഇടയിലായിരിക്കണം. വീടിനോട് ചേര്‍ന്നാണ് കായിക പരിശീലനം നടത്തുന്നതെങ്കില്‍ മാസ്‌ക് ധരിക്കേണ്ടതില്ല. എന്നാല്‍ സാമൂഹിക അകലം പാലിക്കണം.

മറ്റുള്ളവരുമായി മൂന്ന് മീറ്റര്‍ അകലമെങ്കിലും പാലിക്കണം. കമ്പനി ബസുകളില്‍ പകുതി തൊഴിലാളികളെ മാത്രമെ കയറ്റാവൂ. മാളുകള്‍, ഷോപ്പിങ് സെന്‍ററുകള്‍, ഹെല്‍ത്ത് ക്ലബ്ബുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ എന്നിവ അടഞ്ഞു കിടക്കും.