ദോഹ: ഖത്തറിലെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ 60 ശതമാനം സ്വദേശി ജീവനക്കാരെ നിയമിക്കാനുള്ള നിര്‍ദേശത്തിന് അംഗീകാരം. ഇത് സംബന്ധിച്ച് അഡ്‍മിനിസ്ട്രേറ്റീവ് ഡെവലപ്‌മെന്റ്, ലേബര്‍ ആന്റ് സോഷ്യല്‍ അഫയേഴ്‍സ് മന്ത്രാലയം തയ്യാറാക്കിയ കരട് നിര്‍ദേശം ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്വകാര്യ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ നിക്ഷേപമുള്ള സ്വകാര്യ സ്ഥാപനങ്ങളിലുമാണ് സ്വദേശികളുടെ എണ്ണം 60 ശതമാക്കി ഉയര്‍ത്തേണ്ടത്. 2004ലെ തൊഴില്‍ നിയമം 14 അനുസരിച്ചാണ് തീരുമാനം. വിദേശ പൗരന്മാരെ വിവാഹം കഴിച്ച  ഖത്തരി സ്ത്രീകളുടെ മക്കളെയും വിദേശികളായ സ്ത്രീകളെ വിവാഹം കഴിച്ച ഖത്തര്‍ പൗരന്മാരുടെ മക്കളെയും സ്വദേശികളായി പരിഗണിച്ചായിരിക്കും തീരുമാനം നടപ്പാക്കുക. സ്ഥാപനങ്ങള്‍ മാനവ വിഭവശേഷിയില്‍ സ്വദേശികളുടെ അനുപാതം 80 ശതമാനമാക്കി ഉയര്‍ത്താന്‍ പരിശ്രമിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. സ്വദേശിവത്കരിച്ച ജോലികളില്‍ മറ്റ് രാജ്യങ്ങളിലെ പൗരന്മാരെ നിയമിക്കുന്നതിന് വിലക്കുണ്ട്. എന്നാല്‍ പുതിയ നിയമം നടപ്പാക്കുന്നതിന്റെ സമയക്രമം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.