റാസല്‍ഖൈമ: കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി റാസല്‍ഖൈമയിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. തൊഴിലാളികളെ മറ്റ് എമിറേറ്റുകളില്‍ നിന്ന് കൊണ്ടുവരുന്നതിനും ഇപ്പോള്‍ റാസല്‍ഖൈമയിലുള്ളവരെ മറ്റ് എമിറേറ്റുകളിലേക്ക് കൊണ്ടുപോകുന്നതിനുമാണ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റി വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

തൊഴിലാളികളെ കൊണ്ടുപോകുന്ന ബസുകളില്‍ പകുതി സീറ്റുകളില്‍ മാത്രമേ ആളുകളെ യാത്ര ചെയ്യാന്‍ അനുവദിക്കാനാവൂ. തൊഴിലാളികള്‍ വ്യക്തിഗത അകലം പാലിക്കാന്‍ കമ്പനികള്‍ നിര്‍ദേശം നല്‍കണം. ബസുകളില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും പരസ്‍പരം കുറഞ്ഞത് രണ്ട് മീറ്ററെങ്കിലും അകലം പാലിക്കണം. മാസ്കുകള്‍ ധരിക്കുകയും മറ്റ് സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കുകയും വേണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. നേരത്തെ ദുബായ്, അബുദാബി, ഷാര്‍ജ എമിറേറ്റുകളിലും തൊഴിലാളികളുടെ യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.