അബുദാബി യൂണിവേഴ്സല്‍ ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ പ്രവാസികളില്‍ നിന്ന് ശേഖരിച്ച മരുന്നുകള്‍, വസ്ത്രങ്ങള്‍, ഭക്ഷ്യ വസ്തുക്കള്‍ തുടങ്ങിയവയാണ് പ്രത്യേക വിമാനത്തില്‍ ബുധനാഴ്ച രാവിലെ 11 മണിയോടെ കരിപ്പൂരില്‍ എത്തിയത്. 

കോഴിക്കോട്: കേരളത്തിലെ പ്രളയ ബാധിതര്‍ക്ക് സഹായവുമായി പാകിസ്ഥാനില്‍ നിന്നുള്ള വിമാനം കോഴിക്കോട്ട് എത്തിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു. ചില മാധ്യമങ്ങളില്‍ ഇത്തരത്തിലൊരു വാര്‍ത്ത വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയ വഴി ഇത് വ്യാപകമായി പ്രചരിക്കുകയായിരുന്നു. എന്നാല്‍ അബുദാബിയില്‍ നിന്ന് മലയാളികള്‍ ശേഖരിച്ച് അയച്ച സാധനങ്ങളാണ് പാകിസ്ഥാനില്‍ നിന്നുള്ളതെന്ന് തെറ്റിദ്ധരിക്കപ്പെട്ടത്.

അബുദാബി യൂണിവേഴ്സല്‍ ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ പ്രവാസികളില്‍ നിന്ന് ശേഖരിച്ച മരുന്നുകള്‍, വസ്ത്രങ്ങള്‍, ഭക്ഷ്യ വസ്തുക്കള്‍ തുടങ്ങിയവയാണ് പ്രത്യേക വിമാനത്തില്‍ ബുധനാഴ്ച രാവിലെ 11 മണിയോടെ കരിപ്പൂരില്‍ എത്തിയത്. അന്താരാഷ്ട്ര എയര്‍ ചാര്‍ട്ടര്‍ സര്‍വ്വീസായ എ.സി.എസ് എന്ന കമ്പനിയുടെ ചാര്‍ട്ടേഡ് വിമാനത്തിലാണ് ചൊവ്വാഴ്ച രാത്രി അബുദാബിയില്‍ നിന്ന് സാധനങ്ങള്‍ കേരളത്തിലേക്ക് അയച്ചതെന്ന് യൂനിവേഴ്സല്‍ ഹോസ്പിറ്റല്‍ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷെബീര്‍ നെല്ലിക്കോട് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

അഞ്ച് ദിവസത്തോളം അബുദാബിയിലെ വിവിധ പ്രവാസി സംഘടനകളും യൂണിവേഴ്സല്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാരും നഴ്സുമാരും അടങ്ങുന്ന ജീവനക്കാരും ചേര്‍ന്ന് ശേഖരിച്ച് പ്രത്യേക വിമാനത്തില്‍ കയറ്റി അയച്ച സാധനങ്ങളാണ് കേരളത്തിലെത്തിയപ്പോള്‍ "പാകിസ്ഥാന്‍ വിമാനമായി' മാറിയത്. അബുദാബിയില്‍ നിന്ന് പുറപ്പെട്ട വിമാനം ഇന്ധനം നിറയ്ക്കാനായി കറാച്ചിയില്‍ ഇറങ്ങിയത് മറയാക്കിയാണ് വിമാനത്തെ മൊത്തത്തില്‍ പാകിസ്ഥാന്‍ വിമാനമാക്കിയത്.

50 ടണ്ണോളം സാധനങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ അവ കേരളത്തിലെത്തിക്കുമെന്നും ഡോ. ഷബീര്‍ പറഞ്ഞു. ദുബായ്, അബുദാബി, അല്‍ ഐന്‍, എന്നിവിടങ്ങളിലെ യൂണിവേഴ്സല്‍ ഹോസ്പിറ്റല്‍ ബ്രാഞ്ചുകളിലാണ് സാധനങ്ങള്‍ ശേഖരിച്ചത്. വിവിധ പ്രവാസി സംഘടനകളും വ്യക്തികളും സ്ഥാപനങ്ങളുമെല്ലാം സാധനങ്ങള്‍ എത്തിച്ചു. ഇവ ചെങ്ങന്നൂര്‍, വയനാട് തുടങ്ങിയ പ്രളയബാധിത പ്രദേശങ്ങളില്‍ എത്തിച്ച് വിതരണം ചെയ്യാനാണ് തീരുമാനം. അണുബാധ തടയുന്നതിനുള്ള മരുന്നുകള്‍, ശുചീകരണ വസ്തുക്കള്‍, വസ്ത്രങ്ങള്‍, സാനിട്ടറി പാഡുകള്‍, ചെരിപ്പുകള്‍, പാത്രങ്ങള്‍, ബേബി ഫുഡ്, പുതപ്പുകള്‍ തുടങ്ങിയവയാണ് ഇപ്പോള്‍ എത്തിച്ചത്. കഴിഞ്ഞ ദിവസം കോഴിക്കോട്ടെ ട്രോമാ കെയര്‍ സംഘടനയുടെ പേരില്‍ അയച്ച സാധനങ്ങള്‍ കസ്റ്റംസ് ക്ലിയറന്‍സ് പൂര്‍ത്തിയാക്കി ഇവ കൈമാറിയെന്നും ഡോ. ഷബീര്‍ നെല്ലിക്കോട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.