ഇത്തരം സഹായങ്ങള്‍ ജില്ലാ ഭരണകൂടത്തിന് കൈമാറണമെന്നുള്ള നിര്‍ദ്ദേശത്തിന്റ അടിസ്ഥാനത്തിലാണ് ജില്ലാ കലക്ടര്‍ക്ക് ഇവ കൈമാറിയത്.  തുടര്‍ന്ന് പ്രത്യേക ട്രക്കുകളില്‍ ഇവ ഗോഡൗണുകളിലേക്ക് മാറ്റി. 

കോഴിക്കോട്: സംസ്ഥാനത്തെ പ്രളയബാധിതര്‍ക്കായി അബുദാബിയിലെ പ്രവാസികളില്‍ നിന്ന് സമാഹരിച്ച അവശ്യവസ്തുക്കള്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ക്ക് കൈമാറി. പ്രത്യേക കാര്‍ഗോ വിമാനം വഴിയാണ് സാധനങ്ങള്‍ എത്തിച്ചത്. മരുന്നുകള്‍, വസ്ത്രങ്ങള്‍, ഫുഡ് സപ്ലിമെന്റ് തുടങ്ങിയ അവശ്യവസ്തുക്കളാണ് അബുദാബി യൂനിവേഴ്‌സല്‍ ഹോസ്പിറ്റല്‍, യു.എ.ഇ യിലെ പ്രവാസികളില്‍ നിന്ന് ശേഖരിച്ച് കോഴിക്കോട്ടെത്തിച്ചത്. 

കരിപ്പൂരിലെത്തിയ കാര്‍ഗോ സന്നദ്ധ സംഘടനയായ കാലിക്കറ്റ് ട്രോമ കെയര്‍ ഏറ്റെടുത്ത ശേഷം ഇവ ജില്ലാ കലക്ടര്‍ യു.വി ജോസിന് കൈമാറുകയായിരുന്നു. ആദ്യഘട്ടത്തില്‍ ശേഖരിച്ച വസ്തുക്കളാണ് ഇതെന്നും ബാക്കിയുളളവ എയര്‍കാര്‍ഗോ വഴി കേരളത്തില്‍ എത്തുന്നുണ്ടെന്നും അബുദാബി യൂനിവേഴ്‌സല്‍ ഹോസ്പിറ്റല്‍ മാനജിങ് ഡയറക്ടര്‍ ഡോ. ഷബീര്‍ നെല്ലിക്കോട് പറഞ്ഞു. ഇത്തരം സഹായങ്ങള്‍ ജില്ലാ ഭരണകൂടത്തിന് കൈമാറണമെന്നുള്ള നിര്‍ദ്ദേശത്തിന്റ അടിസ്ഥാനത്തിലാണ് ജില്ലാ കലക്ടര്‍ക്ക് ഇവ കൈമാറിയത്. തുടര്‍ന്ന് പ്രത്യേക ട്രക്കുകളില്‍ ഇവ ഗോഡൗണുകളിലേക്ക് മാറ്റി. 

ദുബൈ, അബുദാബി, അല്‍ഐന്‍ എന്നിവിടങ്ങളിലെ യൂനിവേഴ്‌സല്‍ ഹോസ്പിറ്റല്‍ ബ്രാഞ്ചുകളിലാണ് അവശ്യവസ്തുക്കള്‍ ശേഖരിച്ചത്. വിവിധ പ്രവാസി സംഘടനകള്‍, വ്യക്തികള്‍ സ്ഥാപനങ്ങള്‍ എന്നിവരുടെ സഹായത്തോടെയാണ് ദൗത്യം ഏറ്റെടുത്തത്. ശേഖരിച്ച വസ്തുക്കളും ഭക്ഷണവും ഏറ്റവും അര്‍ഹരായവരിലേക്ക് എത്തിക്കാന്‍ അടിയന്തിര സംവിധാനം ഉണ്ടാക്കുകയാണ് ഇനി വേണ്ടതെന്നും ഡോ. ഷബീര്‍ നെല്ലിക്കോട് പറഞ്ഞു.