മസ്‍കത്ത്: ഒമാനില്‍ പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിസാ വിലക്ക് രണ്ട് തസ്‍തികകളിലേക്ക് കൂടി വ്യാപിപ്പിച്ചു. സെയില്‍സ് റെപ്രസന്റേറ്റീവ് / സെയില്‍സ് പ്രൊമോട്ടര്‍, പര്‍ച്ചേസ് റെപ്രസന്റേറ്റീവ് എന്നീ തസ്തികകളിലാണ് പ്രവാസികളെ ഒഴിവാക്കാനുള്ള തീരുമാനമെടുത്തത്. മലയാളികളടക്കമുള്ള നിരവധി പ്രവാസികള്‍ ജോലി ചെയ്യുന്ന തസ്തികകളില്‍ നടപ്പാക്കുന്ന വിസ വിലക്ക് കനത്ത തിരിച്ചടിയാവും.

സ്വദേശിവത്കരണം വ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് ഒമാന്‍ ഭരണകൂടത്തിന്റെ തീരുമാനം. സെയില്‍സ് റെപ്രസന്റേറ്റീവ് / സെയില്‍സ് പ്രൊമോട്ടര്‍, പര്‍ച്ചേസ് റെപ്രസന്റേറ്റീവ് എന്നീ തസ്തികളില്‍ പുതിയതായി വിദേശികളെ ജോലിക്ക് എടുക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയതായി മാനവവിഭവശേഷി മന്ത്രി ശൈഖ് അബ്‍ദുല്ല ബിന്‍ നാസര്‍ ബിന്‍ അബ്‍ദുല്ല അല്‍ ബക്‍രി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. ഈ തസ്‍തികകളില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നവര്‍ക്ക് വിസ കാലാവധി കഴിയുന്നതുവരെ തുടരാം. എന്നാല്‍ ഇവര്‍ക്ക് വിസ പുതുക്കി നല്‍കില്ലെന്നും ഉത്തരവില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം മേയില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ മാനേജര്‍ തസ്തികകളും അഡ്മിനിസ്ട്രേറ്റീവ്, ക്ലറിക്കല്‍ തസ്തികകളിലും വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുകയാണ്. ഈ മേഖലകളില്‍ പുതിയ വിസകള്‍ അനുവദിക്കുന്നില്ല. ഇപ്പോള്‍ ഈ തസ്‍തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വിസാ കാലാവധി കഴിയുന്നതുവരെ ജോലിയില്‍ തുടരാനാവും. അതിനുശേഷം വിസ പുതുക്കിനല്‍കില്ല. കൂടുതല്‍ മേഖലകളിലേക്ക് വിസാ വിലക്ക് വ്യാപിപ്പിച്ചതോടെ നിരവധി പ്രവാസികള്‍ക്ക് ജോലി അവസാനിപ്പിച്ച് മടങ്ങേണ്ടിവരുമെന്നതാണ് ആശങ്ക.

ഇന്‍ഷുറന്‍സ് മേഖലയില്‍ പ്രഖ്യാപിച്ച സ്വദേശിവത്കരണം നേരത്തെ നിരവധി പ്രവാസികളുടെ തൊഴില്‍ നഷ്ടത്തിലാണ് കലാശിച്ചത്. എഞ്ചിനീയര്‍മാര്‍ അടക്കമുള്ള 10 വിഭാഗങ്ങളിലെ 87 തസ്തികകളില്‍ 2018 തുടക്കം മുതല്‍ താല്‍കാലിക വിസാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ആറ് മാസത്തേക്കാണ് ഇത് പ്രഖ്യാപിച്ചിരുന്നതെങ്കിലും പിന്നീട് കാലാവധി നീട്ടി ഇപ്പോഴും തുടരുകയാണ്. ഈ തസ്തികകളില്‍ പുതിയ വിസ അനുവദിക്കുന്നില്ലെങ്കിലും പഴയ വിസകള്‍ പുതുക്കി നല്‍കുന്നുണ്ട്.