നിരവധിപ്പേരാണ് വാട്സ്ആപ് വഴി കോള്‍ ചെയ്യാന്‍ കഴിഞ്ഞുവെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്. വൈഫൈ നെറ്റ്‍വര്‍ക്കിലൂടെ കോള്‍ ചെയ്യാന്‍ കഴിഞ്ഞുവെന്നായിരുന്നു പലരും സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ചിലപ്പോഴൊക്കെ വാട്സ്ആപ് കോള്‍ ലഭിക്കുന്നുണ്ടെന്നും ഏതാനും മിനിറ്റുകള്‍ സംസാരിക്കാന്‍ കഴിഞ്ഞുവെന്നും ചിലര്‍ അവകാശപ്പെടുന്നു. 

അബുദാബി: യുഎഇയില്‍ ലഭ്യമല്ലാതിരുന്ന വാട്സ്ആപ് വഴിയുള്ള വോയ്സ് കോളിങ് സംവിധാനം ഉപയോഗിക്കാന്‍ കഴിഞ്ഞതായി അവകാശപ്പെട്ട് നിരവധിപ്പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ രംഗത്തെത്തി. വാട്സ്ആപ്, സ്കൈപ് തുടങ്ങിയവയിലൂടെയുള്ള വോയ്സ്, വീഡിയോ കോളുകള്‍ യുഎഇയില്‍ അനുവദിക്കണമെന്ന ആവശ്യം പല കോണുകളില്‍ നിന്ന് ഉയരുന്നതിനിടെയാണ് സാമൂഹിക മാധ്യമങ്ങളിലെ ഇത്തരം അവകാശവാദങ്ങള്‍.

എന്നാല്‍ ഇത്തരം അഭ്യൂഹങ്ങള്‍ യുഎഇ ടെലി കമ്മ്യൂണിക്കേഷന്‍ അതോരിറ്റി (ടിആര്‍എ) നിഷേധിച്ചു. ഇവ അടിസ്ഥാന രഹിതമായ വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്നാണ് ടിആര്‍എ അധികൃതരെ ഉദ്ധരിച്ച് എമിറാത്ത് അല്‍ യൗം പത്രം റിപ്പോര്‍ട്ട് ചെയ്തത്. ഇത്തരം വോയ്സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ സംവിധാനം ലഭ്യമാക്കണോ വേണ്ടെയെന്നുള്ളത് നെറ്റ്‍വര്‍ക്ക് കമ്പനികളുടെ തീരുമാനമാണ്. ഏതെങ്കിലും കമ്പനികള്‍ക്ക് ഇത്തരം സേവനങ്ങള്‍ ആംരഭിക്കണമെന്നുണ്ടെങ്കില്‍ അവര്‍ യുഎഇയില്‍ പ്രവര്‍ത്തിക്കാന്‍ ലൈസന്‍സുള്ള നെറ്റ്‍വര്‍ക്ക് കമ്പനികളുടെ നിബന്ധനകളാണ് പാലിക്കേണ്ടതെന്നും അധികൃതര്‍ വ്യക്തമാക്കി.

നിരവധിപ്പേരാണ് വാട്സ്ആപ് വഴി കോള്‍ ചെയ്യാന്‍ കഴിഞ്ഞുവെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്. വൈഫൈ നെറ്റ്‍വര്‍ക്കിലൂടെ കോള്‍ ചെയ്യാന്‍ കഴിഞ്ഞുവെന്നായിരുന്നു പലരും സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ചിലപ്പോഴൊക്കെ വാട്സ്ആപ് കോള്‍ ലഭിക്കുന്നുണ്ടെന്നും ഏതാനും മിനിറ്റുകള്‍ സംസാരിക്കാന്‍ കഴിഞ്ഞുവെന്നും ചിലര്‍ അവകാശപ്പെടുന്നു. ലോക്കല്‍ കോളുകള്‍ മാത്രമേ കണക്ട് ആകുന്നുള്ളൂ എന്നാണ് ചിലരുടെ വാദം. ഇത്തരത്തില്‍ അവകാശപ്പെടുന്ന നിരവധിപ്പേരെ കണ്ടെത്തിയെന്ന് യുഎഇയിലെ പ്രമുഖ പത്രമായ ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

യുഎഇ ടെലി കമ്മ്യൂണിക്കേഷന്‍ അതോരിറ്റിയുടെ അറിയിപ്പ് അനുസരിച്ച് ഫോണ്‍ സര്‍വ്വീസ് ദാതാക്കളായ ഇത്തിസാലാത്ത്, ടു എന്നിവയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. ഈ രണ്ട് കമ്പനികളും ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. നിലവില്‍ ഇന്റര്‍നെറ്റ് കോളിങ് ലഭ്യമാക്കാനായി ഇത്തിസാലാത്തിന്റെ രണ്ട് മൊബൈല്‍ ആപ്പുകള്‍ ലഭ്യമാണെങ്കിലും ഇവ പണം നല്‍കി മാത്രമേ ഉപയോഗിക്കാനാവൂ.