Asianet News MalayalamAsianet News Malayalam

മാനസിക രോഗത്തിന് നിബന്ധനകളോടെയുള്ള മന്ത്രചികിത്സക്ക് സൗദിയില്‍ അനുമതി

ചികിത്സിക്കുന്ന ഡോക്ടറുടെ അനുമതിയോടെ മന്ത്ര ചികിത്സകരുടെ സഹായം തേടാം. എന്നാല്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് ലൈസന്‍സ് നേടിയ മന്ത്ര ചികിത്സകരെ മാത്രമേ സമീപിക്കാന്‍ പാടുള്ളു.

saudi arabia approves new mental health treatment plan
Author
Riyadh Saudi Arabia, First Published Jan 14, 2020, 12:01 PM IST

റിയാദ്: മാനസിക രോഗത്തിന് നിബന്ധനകള്‍ക്ക് വിധേയമായി മന്ത്ര ചികിത്സ ഉള്‍പ്പെടെയുള്ള പാരമ്പര്യ ചികിത്സകള്‍ നടത്താന്‍ സൗദി അറേബ്യയില്‍ അനുമതി. മാനസിക രോഗ വിദഗ്ധരുടെ അനുമതിയോടെയും നിലവിലെ ചികിത്സാ പദ്ധതിയിലോ മരുന്നുകളിലോ ഒരുതരത്തിലുമുള്ള ഇടപെടലുകള്‍ നടത്താതെയുമുള്ള പാരമ്പര്യ ചികിത്സകള്‍ക്കാണ് അനുമതി. ഖുര്‍ആനും ഹദീസിനും വിരുദ്ധമായതൊന്നും ഇത്തരം ചികിത്സകളില്‍ അനുവദിക്കില്ലെന്നും നിയമത്തില്‍ വ്യക്തമാക്കുന്നു.

ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ അംഗീകരിച്ച മാനസികാരോഗ്യ ചികിത്സാ നിയമ ഭേദഗതിയിലാണ് പാരമ്പര്യ ചികിത്സകള്‍ക്ക് അനുമതി നല്‍കുന്നത്. ഇത് സംബന്ധിച്ച ഗസറ്റ് വിജ്ഞാപനവും കഴിഞ്ഞയാഴ്ച പുറത്തിറങ്ങി. മാനസിക രോഗ വിദഗ്ധരുടെ അനുമതിയോടെ രോഗിക്ക് ആവശ്യമായ പാരമ്പര്യ ചികിത്സകളും ലഭ്യമാക്കാമെന്നാണ് നിയമത്തില്‍ വ്യക്തമാക്കുന്നത്. ചികിത്സിക്കുന്ന ഡോക്ടറുടെ അനുമതിയോടെ മന്ത്ര ചികിത്സകരുടെ സഹായം തേടാം. എന്നാല്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് ലൈസന്‍സ് നേടിയ മന്ത്ര ചികിത്സകരെ മാത്രമേ സമീപിക്കാന്‍ പാടുള്ളു.

മന്ത്ര ചികിത്സയ്ക്ക് മുമ്പ് മതകാര്യ വിഭാഗത്തിന്റെ അനുമതിയും വാങ്ങണം. മന്ത്ര ചികിത്സയുടെ സമയവും സ്ഥലവും നിശ്ചയിക്കുന്നത് മതകാര്യ വിഭാഗമായിരിക്കും. മതകാര്യ വിഭാഗത്തിലെയും ചികിത്സിക്കുന്ന സംഘത്തിലെയും ഓരോ അംഗങ്ങളുടെയും സാന്നിദ്ധ്യത്തിലായിരിക്കണം പാരമ്പര്യ ചികിത്സ  നല്‍കേണ്ടത്. ഖുര്‍ആനും ഹദീസിനും വിരുദ്ധമായ കാര്യങ്ങള്‍ ഇത്തരം ചികിത്സയില്‍ സംഭവിക്കുകയോ മറ്റ് ചികിത്സാ പദ്ധതികളില്‍ ഇടപെടുകയോ ചെയ്താല്‍ മതകാര്യ വിഭാഗത്തിന് മന്ത്ര ചികിത്സകനെ മാറ്റി മറ്റൊരു മന്ത്ര ചികിത്സകനെ നിയോഗിക്കാനുള്ള അനുമതിയുണ്ടെന്നും പുതിയ നിയമം വ്യക്തമാക്കുന്നു. രോഗിയുടെ ചികിത്സാ രജിസ്റ്റര്‍ പരിശോധിക്കാനും മന്ത്ര ചികിത്സകന് അനുമതിയില്ല.

Follow Us:
Download App:
  • android
  • ios