റിയാദ്: സൗദി അറേബ്യയില്‍ വീണ്ടും 15 പേർക്ക് കൂടി കൊവിഡ് 19 ബാധിച്ചു. ഇതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 133 ആയി. തിങ്കളാഴ്ചയാണ് 15 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേര്‍ വിദേശികളും ബാക്കിയുള്ളവര്‍ സൗദി പൗരന്മാരുമാണ്. ഇതിൽ അഞ്ച് പേർ ജിദ്ദയിലാണ്.  

ഒരു അഫ്ഗാനിസ്ഥാന്‍ പൗരൻ, വിദേശത്ത് നിന്നെത്തിയ നാലു സൗദി പൗരന്മാർ എന്നിവര്‍ക്കാണ് റിയാദില്‍ രോഗബാധ. മക്കയില്‍ സ്ഥിരീകരിച്ച രണ്ട് കേസുകളില്‍ ഒരാള്‍ ഈജിപ്ഷ്യന്‍ പൗരനാണ്. രണ്ടാമത്തെയാള്‍ തുര്‍ക്കിയില്‍ നിന്നെത്തിയ സൗദി പൗരനും. കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫിലും ദഹ്റാനിലും ജിസാനിലും ഓരോ  കേസുകളും സ്ഥിരീകരിച്ചു. തിങ്കളാഴ്ച ആറു പേര്‍ രോഗമുക്തരായിരുന്നു. 

സൗദി അറേബ്യയില്‍ ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ച 133 പേരിൽ 73 പേർ സൗദി പൗരന്മാരാണ്.  ഈജിപ്ഷ്യൻ പൗരന്മാരാണ് രണ്ടാം സ്ഥാനത്ത്, 49 ഈജിപ്തുകാര്‍ ചികിത്സയിലുണ്ട്. രണ്ട് അമേരിക്കക്കാർ, രണ്ട് ബഹ്റൈനികൾ, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, ബംഗ്ലാദേശ്,  സ്പെയിൻ, ഫ്രാന്‍സ്, ലബനോന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരുമാണ് ഐസൊലോഷനിൽ കഴിയുന്നത്.