സ്വകാര്യ സ്ഥാപനങ്ങളുടെ നവീകരണത്തിന്‍റെ ഭാഗമായി അപേക്ഷിച്ച് 24 മണിക്കൂറിനകം സ്ഥാപനങ്ങൾക്ക് വിസ അനുവദിക്കണമെന്നാണ് തയ്‌സീര്‍  സമിതിയുടെ നിര്‍ദേശത്തില്‍ പറയുന്നത്.

റിയാദ്: സൗദിയിൽ സ്വകാര്യ സ്ഥാപനങ്ങളുടെ നവീകരണത്തിനു പുതിയ പദ്ധതി വരുന്നു. സ്വകാര്യ സ്ഥാപനങ്ങള്‍ക്കു 24 മണിക്കൂറിനകം വിസ അനുവദിക്കണമെന്ന് തയ്‌സീര്‍ സമിതി നിർദ്ദേശിച്ചു. കീരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരൻ അദ്ധ്യക്ഷനായുള്ള സാമ്പത്തിക സമിതിക്കു കീഴിലാണ് തയ്‌സീര്‍ എന്ന പ്രത്യേക സമിതി പ്രവര്‍ത്തിക്കുന്നത്.

സ്വകാര്യ സ്ഥാപനങ്ങളുടെ നവീകരണത്തിന്‍റെ ഭാഗമായി അപേക്ഷിച്ച് 24 മണിക്കൂറിനകം സ്ഥാപനങ്ങൾക്ക് വിസ അനുവദിക്കണമെന്നാണ് തയ്‌സീര്‍ സമിതിയുടെ നിര്‍ദേശത്തില്‍ പറയുന്നത്. കൂടാതെ പുതിയതായി ആരംഭിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പതിനഞ്ച് ദിവസത്തിനകം ലൈസന്‍സ് നടപടികളെല്ലാം പൂര്‍ത്തിയാക്കി പ്രവർത്തനയോഗ്യമാക്കണം. 

സ്ഥാപനങ്ങള്‍ക്കു വായ്പയും ആനുകുല്യങ്ങളും വേഗത്തില്‍ ലഭ്യമാക്കാനുള്ള നടപടി കൈകൊള്ളുക, ലൈസന്‍സ്, വായ്പ, തുടങ്ങിയ നടപടികള്‍ക്ക് ഏകീകൃത സംവിധാനം ഏർപ്പെടുത്തുക എന്നീ നിർദ്ദേശങ്ങളും സമിതി വെയ്ക്കുന്നു. വിഷൻ 2030 ന്‍റെ ഭാഗമായി സമഗ്രമായ സാമ്പത്തിക സാമൂഹിക പരിഷ്‌ക്കാരങ്ങളാണ് രാജ്യത്തു നടപ്പിലാക്കി വരുന്നത്.

സൗദി വിഷൻ 2030 പ്രധാനമായും ലക്ഷ്യമാക്കുന്നത് എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുന്നതിനാണ്. എണ്ണയിതര വരുമാനത്തില്‍ ഈവര്‍ഷം 35 ശതമാനമാണ് പ്രതീക്ഷ. 2020 ആവുമ്പോഴേക്കു 530 ബില്ല്യന്‍ റിയാലിന്റെ വരുമാനമാണ് എണ്ണയിതര വരുമാനത്തില്‍ രാജ്യം പ്രതീക്ഷിക്കുന്നത്.