റിയാദ്: വംശനാശ ഭീഷണി നേരിടുകയും എണ്ണം കുറയുകയും ചെയ്യുന്ന വന്യമൃഗങ്ങളെ സംരക്ഷിക്കാൻ സൗദി അറേബ്യയിൽ പദ്ധതി ആരംഭിച്ചു. 25 നൂബിയൻ മാനുകൾ, 20 മല മാനുകൾ, 50 റീം മാനുകൾ, 10 അറേബ്യൻ മാനുകൾ എന്നിവയെയാണ് പുനരധിവസിപ്പിക്കുന്നതിലുൾപ്പെടും. 1500 കിലോമീറ്ററിൽ കൂടുതൽ വിസ്തൃതിയുള്ള സംരക്ഷിത പ്രകൃതി സംരക്ഷണ കേന്ദ്രമാണിത്.  

വടക്കൻ സൗദിയിലെ അൽഉലയിലെ പ്രകൃതി ആവാസ വ്യവസ്ഥകളെ സംരക്ഷിക്കുന്നതിനും അതിൽ അടങ്ങിയിരിക്കുന്ന ജൈവ വൈവിധ്യത്തെ സംരക്ഷിക്കുന്നതിനും രൂപകൽപന ചെയ്തിട്ടുള്ളതാണിത്. കിരീടാവകാശിയും അൽഉല റോയൽ കമീഷൻ ഡയറടക്ടർ ബോർഡ് ചെയർമാനുമായ മുഹമ്മദ് ബിൻ സൽമാന്‍ രാജകുമാരന്റെ ആശയമാണ് വംശനാശം നേരിടുന്ന മൃഗങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള സംരംഭം. ഏതാനും വന്യമൃഗങ്ങളെ പ്രകൃതിദത്ത റിസർവറിലേക്ക് തുറന്നുവിട്ടു കഴിഞ്ഞ വർഷമാണ് ഒന്നാംഘട്ടം കിരീടാവകാശി ഉദ്ഘാടനം ചെയ്തത്. 

ദേശീയ വന്യജീവി വികസന കേന്ദ്രത്തിന്റെയും ദേശീയ സംഘടനായ ‘പന്തേര’യുമായി സഹകരിച്ചാണ് സംരംഭം ആരംഭിച്ചത്. വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളെ സ്വീകരിക്കാൻ വേണ്ട രീതിയിലാണ് സ്ഥലം ഒരുക്കിയിരിക്കുന്നതെന്ന് റിസർവർ ഡയറക്ടർ ജനറൽ ഡോ. അഹമ്മദ് അൽമാലികി പറഞ്ഞു. മൃഗങ്ങൾക്കാവശ്യമായ വെള്ളം, ഭക്ഷണം എന്നിവ ലഭ്യമാക്കിയിട്ടുണ്ട്. മൃഗങ്ങളുടെ സുരക്ഷക്കായി പ്രത്യേക സംഘം നിരീക്ഷിക്കാനും രംഗത്തുണ്ടാകും. പുതിയ പരിസ്ഥിതിയിൽ പൊരുത്തപ്പെടുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.