Asianet News MalayalamAsianet News Malayalam

97.5 ശതമാനം അപേക്ഷകർക്കും അരാംകോ ഓഹരികൾ ലഭിച്ചേക്കും

അനുവദിച്ച ഓഹരികളുടേത് കഴിച്ചുള്ള ബാക്കി പണം അവരവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഈ മാസം 12ന് ശേഷം തിരിച്ചെത്തും

Saudi Aramco stock allocation for retail subscriber
Author
Riyadh Saudi Arabia, First Published Dec 7, 2019, 11:59 PM IST

റിയാദ്: അപേക്ഷകരിലെ 97.5 ശതമാനം ആളുകൾക്കും സൗദി അരാംകോയുടെ ഓഹരികൾ ലഭിക്കുമെന്ന് സൂചന. 10 മുതൽ 1500 വരെ എണ്ണം ആവശ്യപ്പെട്ട അപേക്ഷകർക്ക് അത്രയും തന്നെ ലഭിച്ചേക്കും. 1500ൽ കൂടുതലായാൽ അപേക്ഷിച്ചത്രയും കിട്ടാനിടയില്ല. നേരിയ കുറവുണ്ടാകുമെന്നാണ് വ്യക്തമാകുന്നത്.

അനുവദിച്ച ഓഹരികളുടേത് കഴിച്ചുള്ള ബാക്കി പണം അവരവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഈ മാസം 12ന് ശേഷം തിരിച്ചെത്തും. ഓഹരി വിൽപന തുടങ്ങിയ നവംബർ 17 മുതൽ 28 വരെ ആകെ 50,56,000 പേരാണ് വ്യക്തിഗത ഓഹരികൾക്ക് അപേക്ഷ നൽകിയത്. ആകെ 1537107430 ഓഹരികൾ സബ്‌സ്‌ക്രൈബ് ചെയ്തു. ഈയിനത്തിൽ 4918.7 കോടിയിലേറെ റിയാൽ ഇവർ അടച്ചു. അതായത് അപേക്ഷകരുടെ എണ്ണം 153.7 ശതമാനമായി.

ആർക്കൊക്കെ ഓഹരികൾ കിട്ടും എന്നറിയാൻ ഈ മാസം 12 വരെ കാത്തിരിക്കേണ്ടിവരും. 1500 വരെ ഓഹരികൾ ആവശ്യപ്പെട്ടവർക്ക് അതെല്ലാം കിട്ടുമെന്നും അതിൽ കൂടുതൽ ആവശ്യപ്പെട്ടവർക്ക് നേരിയ കുറവുണ്ടാകുമെന്നുമാണ് ലഭിക്കുന്ന സൂചനകൾ.

2,000 ഓഹരി ആവശ്യപ്പെട്ടവർക്ക് 1555 ഉം 2500 ചോദിച്ചവർക്ക് 1609 ഉം 3000 അപേക്ഷിച്ചവർക്ക് 1664 ഉം 3,500 ആവശ്യപ്പെട്ടവർക്ക് 1,719 ഉം 4000 ആഗ്രഹിച്ചവർക്ക് 1774 ഉം 4,500 അപേക്ഷിച്ചവർക്ക് 1,828 ഉം 5,000 ആവശ്യപ്പെട്ടവർക്ക് 1883 ഉം ഒരു ലക്ഷം ചോദിച്ചവർക്ക് 12227 ഉം 10 ലക്ഷം അപേക്ഷിച്ചവർക്ക് 110748 ഉം ഒരു കോടി ആവശ്യപ്പെട്ടവർക്ക് 1095459 ഓഹരികളേ അനുവദിച്ച് കിട്ടൂ എന്നാണ് സൂചന. ഇത്രയും വിതരണം ചെയ്ത് അവശേഷിക്കുന്ന ഓഹരികൾ തുല്യ അനുപാതത്തിൽ അപേക്ഷകർക്ക് വീതിച്ചു നൽകും.

Follow Us:
Download App:
  • android
  • ios