അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ 220-ാം സീരിസ് നറുക്കെടുപ്പില്‍ ജാക്പോ‍ട്ട് വിജയിയായത് സൗദി പൗരന്‍. 051175 നമ്പറിലെ ടിക്കറ്റെടുത്ത അഹ്‍മദ് അല്‍ഹാമിദിയാണ് 1.2 കോടി യുഎഇ ദിര്‍ഹം (24 കോടിയോളം ഇന്ത്യന്‍ രൂപ) സ്വന്തമാക്കിയത്. അതേസമയം ജീപ്പ് സീരിസ് 4ല്‍ ഇന്ത്യക്കാരനായ ആദിദേവ് അനൂപ് ഒന്നാം സമ്മാനം നേടി.

ശനിയാഴ്‍ച ഉച്ചയ്ക്ക് ശേഷം നടന്ന നറുക്കെടുപ്പിലേക്ക് ഓണ്‍ലൈന്‍ വഴിയെടുത്ത ടിക്കറ്റിലൂടെയാണ് അ‍ഹ്‍മദ് അല്‍ഹാമിദിയെ ഭാഗ്യം കടാക്ഷിച്ചത്. സമ്മാനവിവരമറിയിക്കാന്‍ ബിഗ് ടിക്കറ്റ് അധികൃതര്‍ ഫോണിലൂടെ ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹം വിശ്വസിക്കാന്‍ തയ്യാറായില്ല. പേരും വിവരങ്ങളുമെല്ലാം അങ്ങോട്ട് പറഞ്ഞെങ്കിലും ഫോണ്‍ കോളിലൂടെയല്ലാതെ ഇത് തനിക്ക് എങ്ങനെ ഉറപ്പുവരുത്താന്‍ കഴിയുമെന്നായി അഹ്‍മദിന്റെ ചോദ്യം. ബിഗ് ടിക്കറ്റ് വെബ്സൈറ്റും ഫേസ്‍ബുക്ക് പേജും പരിശോധിച്ചാല്‍ കാര്യമറിയാമെന്ന് സംഘാടകര്‍ അറിയിച്ചപ്പോള്‍ എന്നാല്‍ താന്‍ അത് പരിശോധിച്ച ശേഷം തിരികെ വിളിക്കാമെന്ന് പറഞ്ഞ് അദ്ദേഹം ഫോണ്‍ കട്ടാക്കുകയായിരുന്നു.

രണ്ടാം സമ്മാനമടക്കം മറ്റ് നാല് സമ്മാനങ്ങള്‍ ഇന്ത്യക്കാര്‍ക്ക് ലഭിച്ചു. 271688 എന്ന നമ്പറിലുള്ള ടിക്കറ്റെടുത്ത അജയ്‍കുമാര്‍ മൂല്യക്ക് ഒരു ലക്ഷം ദിര്‍ഹം സമ്മാനം ലഭിക്കും. മൂന്നാം സമ്മാനമായ 90,000 ദിര്‍ഹം നേടിയത് ഷിനോജ് കുറുവൈകണ്ടി എന്ന മറ്റൊരു ഇന്ത്യക്കാരനാണ്. 261135 എന്ന നമ്പറിലൂടെയാണ് അദ്ദേഹത്തിന് സമ്മാനം ലഭിച്ചത്. ആറാം സമ്മാനമായ 60,000 ദിര്‍ഹവും 157712 നമ്പറിലുള്ള ടിക്കറ്റെടുത്ത ഇന്ത്യക്കാരന്‍ അബ്‍ദുല്‍ സലാമിന് കിട്ടി.

ബിഗ് ടിക്കറ്റ് ജീപ്പ് സീരിസ് 4ല്‍ 008919 എന്ന നമ്പറിലൂടെയാണ് ഇന്ത്യക്കാരന്‍ ആദിദേവ് അനൂപിന് ഒന്നാം സമ്മാനം ലഭിച്ചത്. ഇന്ത്യക്കാര്‍ക്ക് പുറമെ പാകിസ്ഥാന്‍ പൗരന്മാരായ ഉസാമ നാസിര്‍, നജീബ് ഖാന്‍ എന്നിവര്‍ യഥാക്രമം 80,000 ദിര്‍ഹത്തിന്റെ നാലാം സമ്മാനവും 70,000 ദിര്‍ഹത്തിന്റെ അഞ്ചാം സമ്മാനവും കരസ്ഥമാക്കി. യുഎഇ പൗരനായ അമ്മാര്‍ സഈദ് റാഷിദ് റഹ്‍മാന്‍ അല്‍ഹന്‍തൂബിയാണ് 50,000 ദിര്‍ഹത്തിന്റെ ഏഴാം സമ്മാനത്തിന് അര്‍ഹനായത്. 

നവംബറില്‍ നറുക്കെടുക്കുന്ന  ബിഗ് ടിക്കറ്റിന്റെ അടുത്ത സീരീസില്‍ വിജയിയെ കാത്തിരിക്കുന്നത് 1.5 കോടി ദിര്‍ഹ(29.90 കോടി ഇന്ത്യന്‍ രൂപ)മാണ്. ഗ്രാന്റ് പ്രൈസിന് പുറമെ മറ്റ് ഒമ്പത് സമ്മാനങ്ങളും സ്വന്തമാക്കാനുള്ള അവസരമാണ് ബിഗ് ടിക്കറ്റിന്റെ 221-ാമത്തെ സീരീസ് നറുക്കെടുപ്പില്‍ ഒരുക്കിയിരിക്കുന്നത്. കൂടാതെ രണ്ടാം സമ്മാനം അഞ്ച് ലക്ഷം ദിര്‍ഹമായി വര്‍ധിപ്പിച്ചിട്ടുമുണ്ട്. ആകര്‍ഷകമായ 10 സമ്മാനങ്ങള്‍ക്ക് പുറമെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിന്റെ ഭാഗമാകുന്നവര്‍ക്ക് ആഢംബര വാഹനമായ ബിഎംഡബ്ല്യൂ 420ഐ സ്വന്തമാക്കാനും അവസരമുണ്ട്.