Asianet News MalayalamAsianet News Malayalam

സൗദിയിൽ കൊറോണവൈറസ് ബാധ സംശയിക്കുന്ന പത്ത് മലയാളി നഴ്‌സുമാരെ ഇതുവരെ പരിശോധിച്ചില്ല

മലയാളി നഴ്സുമാർക്ക് കൊറോണവൈറസ് ബാധ സംശയിക്കുന്നത് സംബന്ധിച്ച് ജിദ്ദയിലുള്ള ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ടെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ

Saudi coronavirus 10 kerala nurses yet to be examined
Author
Jiddah Saudi Arabia, First Published Jan 23, 2020, 6:05 PM IST

ജിദ്ദ:  കൊറോണവൈറസ് ബാധ സംശയിച്ച് സൗദി അറേബ്യയിലെ ആശുപത്രിയില്‍ മാറ്റി പാര്‍പ്പിച്ച മുപ്പതില്‍ പത്ത് നഴ്സ്മാരെ ഇനിയും പരിശോധനയക്ക് വിധേയരാക്കിയില്ലെന്ന് റിപ്പോർട്ട്. ഇരുപതുപേരെ വൈറസ് പരിശോധനയക്ക്  വിധേയരാക്കി. തങ്ങളെ ഉടന്‍ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് നഴ്സ്മാര്‍ ആവശ്യപ്പെട്ടു.

മലയാളി നഴ്സുമാർക്ക് കൊറോണവൈറസ് ബാധ സംശയിക്കുന്നത് സംബന്ധിച്ച് ജിദ്ദയിലുള്ള ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ടെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. സൗദിയിലെ അബഹയിലുള്ള അൽ ഹയാത്ത് ആശുപത്രിയിലാണ് നഴ്സുമാർ നിരീക്ഷണത്തിലുള്ളത്. ആശുപത്രി മാനേജ്മെന്റുമായി ഇന്ത്യൻ കോൺസുലേറ്റ് ബന്ധപ്പെടുന്നുണ്ടെന്നും ആവശ്യമായ എല്ലാ സഹായവും ലഭ്യമാക്കാൻ പറഞ്ഞതായും വി മുരളീധരൻ വിശദീകരിച്ചു.

അതേസമയം കൊറോണവൈറസ് ബാധയുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കകത്തും പരിശോധന ശക്തമാക്കിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ചൈനയിൽ നിന്നെത്തുന്നവർ പരിശോധനയിലൂടെ കടന്നു പോകണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.

മലയാളി നഴ്സുമാരുടെ സുരക്ഷ ഉറപ്പാക്കാന്‍ അവിടുത്തെ ഇന്ത്യന്‍ എമ്പസി അടിയന്തിരമായി ഇടപെടണമെന്ന് കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. അബഹയിലെ സ്വകാര്യ ആശുപത്രിയായ ഹയാതില്‍ നൂറോളം മലയാളി നഴ്സുമാര്‍ തൊഴിലെടുക്കുന്നുണ്ട്. നഴ്സുമാര്‍ക്ക് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കണം.ഇതിനായി സൗദി ആരോഗ്യ മന്ത്രാലയത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഇന്ത്യ തയ്യാറാകണമെന്ന്  കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

Follow Us:
Download App:
  • android
  • ios