റിയാദ്: റിയാദിൽ നിന്ന് 1200 കിലോമീറ്ററകലെ ജീസാന് സമീപം യുദ്ധ കപ്പലിൽ അബോധാവസ്ഥയിലായ ഇന്ത്യൻ നാവികനെ സൗദി അതിർത്തി സുരക്ഷാസേന രക്ഷപ്പെടുത്തിയതായി അല്‍ യൗം അടക്കമുള്ള പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.. ചെങ്കടലിന്‍റെ പടിഞ്ഞാറ് ഭാഗത്ത് ജീസാനിന് സമീപം 51 മൈലുകൾകപ്പുറത്താണ് കപ്പലുണ്ടായിരുന്നത്.

കപ്പലിൽ നിന്നും ലഭിച്ച നിർദ്ദേശ പ്രകാരം ജിദ്ദ മരിടൈം റസ്ക്യൂ ആൻറ് സെർച്ച് സെന്റർ  ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയായിരുന്നുവെന്നാണ് അതിര്‍ത്തി സുരക്ഷാ സേനാ വക്താവ് ലഫ്. കേണല്‍ മിസ്‍ഫര്‍ അല്‍ ഖറൈനി മാധ്യമങ്ങളെ അറിയിച്ചത്. ആരോഗ്യ ഉദ്യോഗസ്ഥൻമാരും ജീസാൻ തുറമുഖ പാസ്പോർട്ട് അധികൃതരും ചേർന്ന സംഘമാണ് രക്ഷക്കെത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 40 വയസ്സുള്ള നാവികന്‍റെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. അലെമിസ് ജനറൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച നാവികൻ അപകടനില തരണം ചെയ്തിട്ടുണ്ട്.