Asianet News MalayalamAsianet News Malayalam

വിവാഹ പാര്‍ട്ടികള്‍ക്കും വിനോദ പരിപാടികള്‍ക്കും സൗദിയില്‍ വിലക്ക്; കര്‍ശന നിര്‍ദ്ദേശങ്ങള്‍

വിവാഹ പാര്‍ട്ടികള്‍ പോലുള്ള ചടങ്ങുകള്‍ക്ക് ഒരു മാസത്തേക്കും വിനോദ പരിപാടികള്‍ക്ക് പത്ത് ദിവസത്തേക്കുമാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

Saudi suspends recreational events for ten days
Author
Riyadh Saudi Arabia, First Published Feb 4, 2021, 12:05 PM IST

റിയാദ്: കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ഹോട്ടലുകളിലും വിവാഹ ഹാളുകളിലും നടക്കുന്ന എല്ലാവിധ ചടങ്ങുകളും വിനോദ പരിപാടികള്‍ക്കും ആഭ്യന്തര മന്ത്രാലയം താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. 

വിവാഹ പാര്‍ട്ടികള്‍ പോലുള്ള ചടങ്ങുകള്‍ക്ക് ഒരു മാസത്തേക്കും വിനോദ പരിപാടികള്‍ക്ക് പത്ത് ദിവസത്തേക്കുമാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. സിനിമാ തിയേറ്ററുകള്‍, വിനോദ കേന്ദ്രങ്ങളിലും റെസ്‌റ്റോറന്റുകളിലും പ്രവര്‍ത്തിക്കുന്ന ഗെയിം സെന്ററുകള്‍, ജിംനേഷ്യങ്ങള്‍, സ്‌പോര്‍ട്‌സ് സെന്ററുകള്‍ എന്നിവ അടച്ചിടാന്‍ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. വിവാഹ ഹാളുകളില്‍ നടക്കുന്ന പാര്‍ട്ടികള്‍ക്ക് പുറമെ ഹോട്ടലുകളിലും മറ്റും നടക്കുന്ന കോര്‍പ്പറേറ്റ് മീറ്റിങുകള്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ക്കും ഒരുമാസത്തേക്ക് വിലക്കുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ആവശ്യമെങ്കില്‍ വിലക്ക് നീട്ടിയേക്കാം. സാമൂഹിക ചടങ്ങുകളില്‍ അടുത്ത പത്ത് ദിവസത്തേക്ക് 20 പേരെ മാത്രമെ പങ്കെടുപ്പിക്കാന്‍ അനുവാദമുള്ളൂ. പുതിയ തീരുമാനങ്ങള്‍ ഇന്ന്(വ്യാഴം) രാത്രി 10 മണി മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 

ചൊവ്വാഴ്ച ഇന്ത്യയും യുഎഇയും അടക്കം 20 രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ക്ക് സൗദി അറേബ്യയില്‍ പ്രവേശിക്കുന്നതിന് വിലക്ക് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ, യുഎഇ, അമേരിക്ക, ജര്‍മനി, അര്‍ജന്റീന, ഇന്തോനേഷ്യ, അയര്‍ലന്‍ഡ്, ഇറ്റലി, പാകിസ്ഥാന്‍, ബ്രസീല്‍, പോര്‍ച്ചുഗല്‍, യു.കെ, തുര്‍ക്കി, ദക്ഷിണാഫ്രിക്ക, സ്വീഡന്‍, സ്വിറ്റ്സര്‍ലന്‍ഡ്, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ലെബനോന്‍, ഈജിപ്‍ത്, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് സൗദിയില്‍ വിലക്കേര്‍പ്പെടുത്തിയത്. എന്നാൽ ഈ രാജ്യങ്ങളിൽ നിന്നുള്ള സൗദി പൗരന്മാർ, വിദേശ നയതന്ത്രജ്ഞർ, ആരോഗ്യ പ്രവർത്തകർ, ഇവരുടെയെല്ലാം കുടുംബാംഗങ്ങൾ എന്നിവർക്ക് സൗദി ആരോഗ്യ മന്ത്രാലയം നിഷ്‌കർഷിക്കുന്ന കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ചുകൊണ്ട്‌ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വിലക്ക് ബാധകമല്ല.

Follow Us:
Download App:
  • android
  • ios