Asianet News MalayalamAsianet News Malayalam

സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ സൗദി വിപുലമായ പദ്ധതികള്‍ ആവിഷ്കരിക്കുന്നു

70,000 ചെറുകിട സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് സഹായം നൽകുന്നതിനാണ് സാമൂഹിക വികസന ബാങ്ക് 2,200 കോടി റിയാൽ വിനിയോഗിക്കുക. ചെറുകിട സംരംഭകർക്ക്‌ 40 ലക്ഷം റിയാൽ വരെ ബാങ്ക് വായ്പ അനുവദിക്കുമെന്ന് ബാങ്ക് ഡയറക്ടർ ജനറൽ ഇബ്രാഹിം അൽ റാഷിദ് പറഞ്ഞു. 

saudi to introduce new loan scheme for providing more job opportunities to citizens
Author
Riyadh Saudi Arabia, First Published Mar 6, 2019, 9:46 AM IST

റിയാദ്: സൗദിയിൽ പുതിയതായി തുടങ്ങുന്ന ചെറുകിട സ്ഥാപനങ്ങളെ സഹായിക്കാൻ വിപുലമായ പദ്ധതി. ചെറുകിട സ്ഥാപനങ്ങൾക്ക് സഹായം നൽകുന്നതിനായി 2,200 കോടി റിയാൽ നീക്കിവെച്ചതായി സാമൂഹിക വികസന ബാങ്ക് അറിയിച്ചു. കൂടുതൽ സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം.

70,000 ചെറുകിട സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് സഹായം നൽകുന്നതിനാണ് സാമൂഹിക വികസന ബാങ്ക് 2,200 കോടി റിയാൽ വിനിയോഗിക്കുക. ചെറുകിട സംരംഭകർക്ക്‌ 40 ലക്ഷം റിയാൽ വരെ ബാങ്ക് വായ്പ അനുവദിക്കുമെന്ന് ബാങ്ക് ഡയറക്ടർ ജനറൽ ഇബ്രാഹിം അൽ റാഷിദ് പറഞ്ഞു. നിലവിൽ നിരവധി വിദേശികൾ ചെറുകിട വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ തൊഴിൽ വിപണി നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനും സ്വദേശിവത്കരണം പ്രോത്സാഹിപ്പിക്കുന്നതിനും സ്വദേശികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമാണ് സർക്കാർ മുന്‍ഗണന നൽകുന്നത്.

അതേസമയം കര, സമുദ്ര ഗതാഗത മേഖലകളിലും റെയിൽവേയിലും ലോജിസ്റ്റിക് സേവന മേഖലയിലും സ്വദേശിവത്കരണം നടപ്പിലാക്കുന്നതിന് പൊതു ഗതാഗത അതോരിറ്റി ശ്രമിച്ചുവരുന്നതായി അതോറിറ്റി പ്രസിഡന്റ് ഡോ.റുമൈഹ് അൽ റുമൈഹ് പറഞ്ഞു. വിഷൻ 2030 പദ്ധതിയിൽ ഉൾപ്പെടുത്തി സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തത്തിലൂടെ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിന് തൊഴിൽ മന്ത്രാലയം ഊന്നൽ നൽകുന്നതായി തൊഴിൽ സഹ മന്ത്രി അബ്ദുള്ള അബുസ്‌നൈൻ വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios