അമേരിക്കയും ഇസ്രായേലും ഇറാനിൽ നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ ചൈനീസ് നിർമ്മിത എച്ച്ക്യു-9ബി വ്യോമപ്രതിരോധ സംവിധാനം തകർന്നു. ഇറാന്റെ പ്രതിരോധം പാളിയതോടെ ചൈനീസ് സൈനിക സാങ്കേതികവിദ്യയുടെ കാര്യക്ഷമതയെക്കുറിച്ച് ചോദ്യങ്ങൾ ഉയരുകയാണ്

ടെഹ്‌റാൻ: ഇറാനിൽ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. ഇറാന്റെ വ്യോമപ്രതിരോധ സംവിധാനമായ ചൈനീസ് നിർമ്മിത എച്ച്ക്യു-9ബി തകർന്നടിഞ്ഞതാണ് നാശനഷ്ടങ്ങളുടെ ആക്കം കൂട്ടിയതെന്നാണ് വിലയിരുത്തൽ. പ്രതിരോധം പാളിയതോടെ ചൈനീസ് സാങ്കേതികവിദ്യ സംബന്ധിച്ച് ചോദ്യങ്ങളും ഉയരുകയാണ്. കരുത്തനെന്ന് കരുതി ഇറാൻ ചൈനയിൽ നിന്ന് വാങ്ങിയ എച്ച്ക്യു-9ബി സംവിധാനത്തിന് ഇസ്രായേലിന്റെയും അമേരിക്കയുടെയും മിസൈലുകളെ തടയാനായില്ല. നേരത്തെ ഇന്ത്യയുടെ 'ഓപ്പറേഷൻ സിന്ദൂർ' സമയത്ത് ഇതേ ചൈനീസ് സംവിധാനം പാകിസ്ഥാനെ തുണച്ചിരുന്നില്ല. ഇതോടെ എച്ച്ക്യു-9ബിയുടെ കാര്യക്ഷമതയെക്കുറിച്ച് ആഗോള തലത്തിൽ ചർച്ചകൾ ഉയരുകയാണ്.

ചൈനയിലെ എയ്‌റോസ്‌പേസ് സയൻസ് ആൻഡ് ഇൻഡസ്ട്രി കോർപ്പറേഷൻ വികസിപ്പിച്ചെടുത്തതാണ് എച്ച്ക്യു-9ബി. റഷ്യൻ എസ് - 300 പി എം യു, അമേരിക്കൻ പാട്രിയറ്റ് പി എ സി-2 സിസ്റ്റങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടായിരുന്നു നിർമാണം. 2006-ലാണ് ഇത് ആദ്യമായി പരീക്ഷിച്ചത്. 260 കിലോമീറ്റർ പരിധിയിലെ ലക്ഷ്യങ്ങളെ തകർക്കാൻ സാധിക്കും എന്നാണ് അവകാശവാദം. ഒരേസമയം 100 ലക്ഷ്യങ്ങളെ നിരീക്ഷിക്കാനും എട്ടോളം ലക്ഷ്യങ്ങളെ നേരിടാനും ശേഷിയുണ്ടെന്നും ചൈന അവകാശപ്പെട്ടിരുന്നു. ഇറാനിൽ ആണവ നിലയങ്ങൾക്കും സൈനിക താവളങ്ങൾക്കും കാവലായാണ് ഇറാൻ എച്ച്ക്യു-9ബിയെ ആശ്രയിച്ചിരുന്നത്. എണ്ണയ്ക്ക് പകരം ആയുധം എന്നതായിരുന്നു ചൈനയുമായുള്ള കരാർ.

എന്നാൽ യുഎസ്-ഇസ്രയേൽ സഖ്യത്തിന്റെ അതിശക്തമായ വ്യോമാക്രമണത്തിന് മുന്നിൽ ഈ സംവിധാനങ്ങൾ നിഷ്പ്രഭമായെന്നാണ് സൈനിക നിരീക്ഷകരുടെ വിലയിരുത്തൽ. ഇറാന്‍റെ 31 പ്രവിശ്യകളിൽ ടെഹ്റാൻ ഉൾപ്പെടെ 20 ലും നാശനഷ്ടങ്ങളുണ്ടായി. ലോകമെമ്പാടും സമാധാനം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ആവശ്യമുള്ളിടത്തോളം കാലം യുഎസ് ആക്രമണം തുടരുമെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു.