അപ്രതീക്ഷിതമായി ദുബൈ ഭരണാധികാരിയെ കണ്ടതിന്‍റെ അമ്പരപ്പിലും ആവേശത്തിലുമായിരുന്നു ജനങ്ങള്‍.
ദുബൈ: കഴിഞ്ഞ ദിവസം ദുബൈയിലെ സിലിക്കൺ സെന്‍ട്രല്‍ മാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലെത്തിയ ഉപഭോക്താക്കള്‍ ഒന്ന് അമ്പരന്നു. സത്യമാണോ ഇതെന്ന് സംശയിക്കുന്ന കാഴ്ചയായിരുന്നു അത്. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍. ദുബൈ ഭരണാധികാരിയുടെ അപ്രതീക്ഷിത സന്ദര്‍ശനം ക്യാമറയില്‍ പകര്‍ത്താനുള്ള തിരക്കിലായിരുന്നു ആളുകള്‍.
ഉപഭോക്താക്കള്‍ക്കും ജീവനക്കാര്‍ക്കും ഒരുപോലെ സന്തോഷം നല്‍കുന്നതായിരുന്നു ശൈഖ് മുഹമ്മദിന്‍റെ സന്ദര്‍ശനം. ഇതുപോലുള്ള നിമിഷങ്ങൾ റീട്ടെയിൽ രംഗത്ത് മികവിന്‍റെ നിലവാരം ഉയർത്താൻ തങ്ങളെ പ്രചോദിപ്പിക്കുന്നതായി ലുലു ഗ്രൂപ്പ് വക്താവ് പറഞ്ഞു. ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന നിമിഷമാണെന്നും ലുലു ഗ്രൂപ്പ് വക്താവ് പറഞ്ഞു.
ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് ശൈഖ് മുഹമ്മദ് ലുലുവിലെത്തിയത്. ഗ്രോസറി, ഹൗസ്ഹോൾഡ്, റോസ്ട്രി, ഹോട്ട് ഫുഡ്, ബുച്ചറി, ഫിഷ്, ഗാർമെന്റ്സ്, സ്റ്റേഷനറി വിഭാഗങ്ങൾ സന്ദർശിച്ച അദേഹം റിയോയിലും സമയം ചിലവഴിച്ചു. ഒരു മണിക്കൂറിലേറെ മാളില്‍ ചെലവഴിച്ച ശേഷമാണ് ശൈഖ് മുഹമ്മദ് അവിടെ നിന്ന് മടങ്ങിയത്. സായുധ കാവലുകളില്ലാതെ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി ചെല്ലുന്ന ദുബൈ ഭരണാധികാരിയുടെ ദൃശ്യങ്ങള്‍ വൈറലവാണ്. ഈ അടുത്തിടെ പല സ്ഥലങ്ങളിലും അദ്ദേഹം ഇത്തരത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
