ദുബായ്: സൈക്ലിങ് മത്സരത്തിനിടെ മത്സരാര്‍ത്ഥികള്‍ വീഴുന്നതും അവര്‍ക്ക് പരിക്കേല്‍ക്കുന്നതും അപൂര്‍വ സംഭവമല്ല. എന്നാല്‍ കഴിഞ്ഞ ദിവസം ദുബായില്‍ നടന്ന ഒരു സൈക്ലിങ് മത്സരത്തിലെ ഒരു വീഴ്ചയാണ് സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗം. അല്‍ വത്‍ബ ടീമംഗമായ അനാന്‍ അല്‍ അംരി എന്ന സ്വദേശി യുവതിയാണ് ദുബായില്‍ നടന്ന മത്സരത്തിനിടെ സൈക്കിളില്‍ നിന്ന് നിലത്തുവീണത്.

 

എന്നാല്‍ അനാനെ ശുശ്രൂഷിക്കാന്‍ ആദ്യം ഓടിയെത്തിയത് യുഎഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദായിരുന്നു. സൈക്ലിങ് കമ്പക്കാരനായ ശൈഖ് മുഹമ്മദിന്റെ രക്ഷാകര്‍തൃത്വത്തിലാണ് ദുബായില്‍ അല്‍ സലാം സൈക്ലിങ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. മത്സരാര്‍ത്ഥികള്‍ക്ക് പിന്നില്‍ അവരെ പിന്തുടര്‍ന്നിരുന്ന ഒരു വാഹനത്തിലായിരുന്നു ശൈഖ് മുഹമ്മദ് ഉണ്ടായിരുന്നത്. പെട്ടെന്നാണ് തന്റെ തൊട്ടുമുന്നില്‍ യുവതി സൈക്കിളില്‍ നിന്ന് നിലത്തുവീണത്. ഉടന്‍തന്നെ വാഹനത്തില്‍ നിന്നിറങ്ങി അദ്ദേഹം അവള്‍ക്കരികിലേക്ക് ഓടിയെത്തി. കുട്ടിയ്ക്കരില്‍ ആദ്യമെത്തിയ അദ്ദേഹം തന്റെ പോക്കറ്റില്‍ നിന്ന് തൂവാലയെടുത്ത് അവളുടെ മുഖം തുടയ്ക്കുന്നതും പിന്നീട് സൈക്കിളില്‍ നിന്ന് ഇറങ്ങാന്‍ സഹായിക്കുന്നതും വീഡിയോയില്‍ കാണാം.

 

സാധാരണ ജനങ്ങളെപ്പോലെ വാഹനങ്ങളിലും മറ്റും പൊതുനിരത്തുകളിലൂടെ സഞ്ചരിക്കുന്ന യുഎഇ ഭരണാധികാരികള്‍ ജനങ്ങളെ സഹായിക്കുന്ന വാര്‍ത്തകള്‍ ഇതാദ്യമായല്ല പുറത്തുവരുന്നത്. മരുഭൂമിയിലെ മണലില്‍ കാറിന്റെ ചക്രങ്ങള്‍ പുതഞ്ഞുപോയതിനാല്‍ വാഹനം മുന്നോട്ടെടുക്കാന്‍ കഴിയാതെ വിഷമിച്ച വിദേശികളുടെ വാഹനം സ്വന്തം കാറില്‍ കെട്ടിവലിയ്ക്കുന്ന ശൈഖ് മുഹമ്മദിന്റെ തന്നെ വീഡിയോ ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.