വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെയുണ്ടായ വിവാദത്തിലും തുടര്‍ന്നുള്ള സൈബര്‍ ആക്രമണത്തിലും നടൻ മമ്മൂട്ടിയോട് ക്ഷമ ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിക്കുകയാണെന്നും മഹാനടനെ മനസിലാക്കണമായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു

തിരുവനന്തപുരം: വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെയുണ്ടായ വിവാദത്തിലും തുടര്‍ന്നുള്ള സൈബര്‍ ആക്രമണത്തിലും നടൻ മമ്മൂട്ടിയോട് ക്ഷമ ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിക്കുകയാണെന്നും മഹാനടനെ മനസിലാക്കണമായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ സിപിഎം ജില്ലാ സെക്രട്ടറി കെ റഫീഖിനോട് മമ്മൂട്ടി ഇടപെട്ടത് സദുദ്ദേശത്തോടെയാണെന്നും മമ്മൂട്ടിയെ അപമാനിക്കരുതായിരുന്നുവെന്നും മനസിന് വിഷമം ഉണ്ടായതിൽ ക്ഷമ ചോദിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 

എന്നും കേരളത്തിന്‍റെ നന്മ ആഗ്രഹിക്കുന്നയാളാണ് മമ്മൂട്ടിയെന്നും പെരുമ്പളം പാലത്തെ മമ്മൂട്ടി പ്രകീർത്തിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരെയും അറിയിച്ചശേഷമല്ല വയനാട് ടൗണ്‍ഷിപ്പ് കാണാൻ മമ്മൂട്ടിയെത്തിയത്. ചെന്നൈയിൽ നിന്ന് യാത്ര ചെയ്താണ് മമ്മൂട്ടി വയനാട്ടിലെത്തിയത്. ആരെയും അറിയിക്കാത്ത യാത്രയായിരുന്നു അത്. അതിനാൽ തന്നെ സദുദ്ദേശത്തോടെയാണ് മറ്റൊരു തരത്തിൽ വ്യാഖ്യാനിക്കപ്പെടുമെന്നും വിവാദമാകുമെന്നും കരുതി മമ്മൂട്ടി അത്തരത്തിൽ ജില്ലാ സെക്രട്ടറിയോട് സ്വകാര്യമായി കാര്യം പറഞ്ഞത്. എന്നാൽ, നമ്മുടെ നാട്ടിൽ എന്തിനേയും വിവാദമാക്കുന്ന ചിലരുണ്ട്. നല്ല നിലയിൽ ഇടപെടുന്നയാളാണ് സിപിഎം ജില്ലാ സെക്രട്ടറിയായ കെ റഫീഖ്. മമ്മൂട്ടി സ്വകാര്യമായി പറഞ്ഞ കാര്യം ക്യാമറ വസ്ത്രത്തിൽ വെച്ച് നടക്കുന്നവര്‍ വിവാദമാക്കി. 

മമ്മൂട്ടിയെ സാമൂഹിക മാധ്യമത്തിൽ അധിക്ഷേപിച്ചത് ദൗര്‍ഭാഗ്യകരമാണ്. എന്തിനാണത് വിവാദമാക്കിയത്? സിപിഎം സാമൂഹിക മാധ്യമ പോരാളികല്‍ വലിയ തോതിൽ മമ്മൂട്ടിയെ ആക്രമിച്ചുവെന്ന പ്രചാരണം ഉണ്ടായി. സിപിഎം സോഷ്യൽ മീഡിയ പ്രവർത്തകർക്ക് മമ്മൂട്ടിയെ അറിയാതെയായോ? ഇക്കാര്യത്തിൽ അദ്ദേഹത്തിന്‍റെ മനസിന് വിഷമം ഉണ്ടായതിൽ പരസ്യമായി ക്ഷമ ചോദിക്കുന്നു. മമ്മൂട്ടിയെ അപമാനിക്കരുതായിരുന്നു.മമ്മൂട്ടിയെന്ന മഹാനടനെ മനസിലാക്കണമായിരുന്നു. എങ്ങനെ ഒരു നല്ല കാര്യത്തെ ചീത്തയാക്കാൻ ശ്രമിക്കുന്നു എന്നതിന്റെ ഉദാഹരണമാണിതെന്നും പിണറായി വിജയൻ പറഞ്ഞു.

YouTube video player