ദുബായ്: യുഎഇയിലെ ചില സ്കൂളുകളോട് വീണ്ടും ഓണ്‍ലൈന്‍ പഠന രീതിയിലേക്ക് തന്നെ മാറാന്‍ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോരിറ്റി നിര്‍ദേശിച്ചു. സ്‍കൂള്‍ ജീവനക്കാരില്‍ ചിലര്‍ക്ക് കൊവിഡ് വൈറസ് ബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് മുന്‍കരുതലെന്ന നിലയ്‍ക്കാണ് നടപടി.

സ്‍കൂള്‍ ജീവനക്കാരെ പരിശോധനയ്‍ക്ക് വിധേയമാക്കിയ ശേഷമാണ് തീരുമാനം. ഇവരുടെ അന്തിമ പരിശോധാ ഫലം ലഭ്യമാകുന്നതുവരെയാണ് ഓണ്‍ലൈന്‍ പഠന രീതി അവലംബിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നതെന്ന് അധികൃതര്‍ ട്വീറ്റ് ചെയ്‍തു. ഈ അക്കാദമിക വര്‍ഷം തുടങ്ങുന്നതിന് മുമ്പ് തന്നെ എല്ലാ അധ്യാപകരും ജീവനക്കാരും കൊവിഡ് പരിശോധനയ്‍ക്ക് വിധേയമാകണണെന്ന് നിര്‍ദേശിച്ചിരുന്നു. ഓഗസ്റ്റ് 30നാണ് യുഎഇയില്‍ സ്‍കൂളുകള്‍ തുറന്നത്. 

ഇപ്പോള്‍ കുട്ടികള്‍ സ്‍കൂളുകളിലെത്തണോ വീടുകളില്‍ തന്നെയിരുന്ന് ഓണ്‍ലൈന്‍ പഠനം തുടരണമോയെന്ന കാര്യത്തില്‍ രക്ഷിതാക്കള്‍ക്ക് തീരുമാനമെടുക്കാന്‍ അവസരം നല്‍കിയിട്ടുണ്ട്. അധിക വിദ്യാര്‍ത്ഥികളും ഇപ്പോഴും ഓണ്‍ലൈന്‍ പഠനം തുടരുകയാണ്. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടിയാല്‍ സ്‍കൂളുകളില്‍ ഓണ്‍ലൈന്‍ പഠനം തന്നെ തുടരാന്‍ നിര്‍ദേശിക്കേണ്ടിവരുമെന്ന് നേരത്തെ തന്നെ അധികൃതര്‍ അറിയിച്ചിരുന്നു.